ആലപ്പുഴ : പക്ഷിപ്പനിയുടെ പേരിൽ ഇറച്ചിയ്ക്കും മുട്ടയ്ക്കുമുളള നിരോധനം തുടരവേ, ബാങ്കുകളും വായ്പ നിഷേധിച്ചതോടെ താറാവുകളുടെ തീറ്റയ്ക്ക് പോലും വക കണ്ടെത്താനാകാതെ കർഷകർ ദുരിതത്തിലായി. പക്ഷിപ്പനിയെ അതിജീവിച്ച മൂന്നരലക്ഷത്തോളം താറാവുകളെ തീറ്റിപ്പോറ്റാനോ കുടുംബം പുലർത്താനോ നിവൃത്തിയില്ലാതെ വലയുകയാണ് കർഷക കുടുംബങ്ങൾ.

ഇറച്ചിയും മുട്ടയും വിൽക്കുന്നതിനും രോഗബാധിത മേഖലകളിൽ നിന്നും വളർത്തുപക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്രുന്നതിനുമുള്ള നിരോധനമാണ് കർഷകരെ ദുരിതത്തിലാക്കിയത്. അരൂർ, ചന്തിരൂർ,നെടുമുടി, പള്ളാത്തുരുത്തി, ചെന്നിത്തല, പളളിപ്പാട് , വഴുതാനം, വണ്ടാനം മേഖലകളിലാണ് നിലവിൽ ഏറ്റവുമധികം താറാവ് കർഷകരുളളത്. കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക് പരിമിതമാണെങ്കിലും (ആറുമാസം വരെ പ്രായമുള്ളവയ്ക്ക് നൂറ് രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയും) അത് കിട്ടാനുണ്ടാകുന്ന കാലതാമസവും കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാക്കും.

മുട്ടയിടുന്ന ഒരു താറാവിന് പ്രതിദിനം ശരാശരി 17രൂപ തീറ്റയ്ക്ക് വേണ്ടിവരും. രോഗഭീതിയും വിലക്കും കാരണം താറാവിനെ കൂടുകളിലിട്ടാണ് ഇപ്പോൾ വളർത്തുന്നത്. സർ‌ക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ വരും മാസങ്ങളിൽ കൂടുതൽ സമ്മ‌ർദ്ദത്തിലാക്കുമെന്നിരിക്കെയാണ് ബാങ്ക് വായ്പയ്ക്കായി കർഷകർ ശ്രമം നടത്തിയതെങ്കിലും അതും വിഫലമായി.

200 :

കള്ളിംഗിന് വിധേയമാക്കിയ ഒരു താറാവിനുള്ള നഷ്ടപരിഹാരം

വായ്പ നിഷേധിച്ച് ബാങ്കുകൾ

1. കോഴി ഫാമുകൾക്കും ചിക്കൻസെന്ററുകൾക്കും വായ്പ നൽകുനന് ബാങ്കുകൾ താറാവ് കർഷകരെ അവഗണിക്കുന്നു

2. വായ്പയ്ക്കായി വസ്തുക്കളോ വീടോ ഈടുവയ്ക്കാൻ നിവൃത്തിയില്ലാത്തവരാണ് താറാവ് കർഷകരിൽ ഏറെയും

3. കൃഷിനിലമുള്ളവരാകട്ടെ മുമ്പെടുത്ത വായ്പകൾ തിരിച്ചടയ്ക്കാനാകാതെ ജപ്തി നടപടികൾ നേരിടുകയുമാണ്

4. ഇത് കാരണം നെൽകൃഷിയുടെയോ മറ്റേതെങ്കിലും കൃഷിയുടെയോ പേരിലും വായ്പ എടുക്കാനാകാനാകുന്നില്ല

5. താറാവ് കർഷകരുടെ സംഘടനാ നേതാക്കളുൾപ്പെടെ വായ്പാ കുടിശികകാരണം ജപ്തി ഭീഷണി നേരിടുകയാണ്

പക്ഷിപ്പനി നിയന്ത്രണത്തിൽ ദുരിതത്തിലായ താറാവ് കർഷകർക്ക് സർക്കാരോ മൃഗസംരക്ഷണ വകുപ്പോ യാതൊരുവിധ ആശ്വാസ പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. ബാങ്കുകൾ വായ്പ നിഷേധിക്കുകയും വായ്പാ കുടിശികകളിൽ ജപ്തി ആരംഭിക്കുകയും ചെയ്തതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്.

- അഡ്വ.ബി.രാജശേഖരൻ, പ്രസിഡന്റ് , ഐക്യ താറാവ് കർഷകസംഘം