ആലപ്പുഴ: ഭിന്നശേഷി വിഭാഗക്കാരെ പരിചരിക്കുന്നവർക്ക് 'ആശ്വാസകിരണം' പദ്ധതിയിലൂടെ നൽകുന്ന പെൻഷൻ പലർക്കും കിട്ടാതായിട്ട് വർഷങ്ങളായി. അഞ്ച് വർഷത്തോളം കുടിശികയുള്ളവരുമുണ്ട്. ആറുമാസ ഇടവേളയിൽ ഒരുമിച്ച് ലഭിച്ചിരുന്ന പെൻഷന് വേണ്ടിയാണ് ഇപ്പോൾ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നത്.
മാസം 600 രൂപയാണ് വിതരണം ചെയ്‌തിരുന്നത്. മറ്റ് ഭിന്നശേഷി വിഭാഗക്കാരെ അപേക്ഷിച്ച് വീൽച്ചെയറിലുള്ളവരെ പരിചരിക്കുന്നവർക്ക് 200രൂപ അധികമായി ലഭിച്ചിരുന്നു. ശാരീരിക പരിമിതികൾ നേരിടുന്നവരെ ജില്ലയിൽ ഒരിടത്തും പരിഗണിക്കുന്നില്ലെന്ന് സ്പെഷ്യലി ഏബിൾഡ് പേഴ്സൺസ് യൂണിയൻ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ കാണണമെങ്കിൽ ആശുപത്രികളിലെത്തണം.വിദ്യാലയങ്ങളിൽ റാമ്പുകളും വീൽച്ചെയർ സൗഹൃദ ടോയ്‌ലറ്റുകളുമില്ല
പരിമിതർക്ക് പരിഗണനയില്ല
1.വിൽചെയർ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബസിൽ കയറാനടക്കം സൗകര്യം വിദേശരാജ്യങ്ങളിൽ ഒരുക്കുമ്പോൾ, കേരളത്തിൽ അധിക പണം മുടക്കി വാഹനം പിടിച്ചാണ് രക്ഷിതാക്കൾ ഇത്തരം കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നത്
2. വീൽച്ചെയർ കയറാനുള്ള സൗകര്യമില്ലാത്തത് കാരണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ച താത്കാലിക ജോലിക്ക് പോകാൻ പോലും കഴിയാത്തവരുണ്ട്. റോഡിന് വശങ്ങളിലെ നടപ്പാതകൾ ഉയരം കൂട്ടി ടൈൽ പാകി ഭംഗിയാക്കുമ്പോഴും ഭിന്നശേഷിക്കാർക്ക് കയറാനുള്ള പാതയുണ്ടാകാറില്ല.
പല തവണ മന്ത്രിമാരെ കണ്ട് നിവേദനം നൽകിയിട്ടും ഭിന്നശേഷി സൗഹൃദം വാഗ്ദാനമായി ശേഷിക്കുകയാണ്
- അജിത് വണ്ടാനം, സംസ്ഥാന വൈസ് പ്രസിഡന്റ്,
സ്പെഷ്യലി ഏബിൾഡ് പേഴ്സൺസ് യൂണിയൻ