ഹരിപ്പാട്: കേരളത്തിൽ ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടുകൾ നിർമ്മിച്ചു നൽകുകയാണ് എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റി മുൻ ദേശീയ ഗുസ്തിതാരം കൃഷ്ണപ്രിയയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽകൈമാറ്റം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഭവനരഹിതരായവർക്കായി ടൗൺഷിപ്പുതന്നെ നിർമ്മിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മുതുകുളത്തുൾപ്പെടെ വർഗീയവാദികൾ മതനിരപേക്ഷമായ സ്വഭാവത്തെ ചോർത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ മതത്തിന്റെയും സാരം ഒന്നാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് മതവർഗ്ഗീയവാദികൾ ജാതിക്കും മതത്തിനും വേണ്ടി മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.സുരേന്ദ്രൻ അദ്ധ്യക്ഷനായി. മുതിർന്ന പാർട്ടി പ്രവർത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഡ്വ. കെ.എച്ച്.ബാബുജാൻ, എം.സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.സജീവൻ, സി.ശ്രീകുമാർ ഉണ്ണിത്താൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, മുതുകുളം എൽ.സി സെക്രട്ടറി കെ.എസ്.ഷാനി, ആർ.ഗോപി, കെ.വാമദേവൻ, കെ.ഉദയഭാനു എന്നിവർ സംസാരിച്ചു.