photo

ചേർത്തല : വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ തങ്ങൾ കൃഷി ചെയ്ത പച്ചക്കറി വിറ്റു കിട്ടിയ പണവുമായി സഹോദരങ്ങളായ കുട്ടിക്കർഷകർ കൃഷി മന്ത്രിയെ കാണാനെത്തി. ചേർത്തല നഗരസഭ 34ാംവാർഡിൽ ചങ്ങരം നികർത്തിൽ ഓട്ടോ ഡ്രൈവറായ ബിനിലിന്റെയും ചേർത്തല നോർത്ത് ഗവ.എൽ.പി.സ്‌കൂളിലെ പ്രീ പ്രൈമറി ടീച്ചറായ അനിലയുടെയും മക്കളായ അനുശ്രീയും,അയനശ്രീയുമാണ് പച്ചക്കറി വിറ്റ് സ്വരൂപിച്ച 1220 രൂപ സഹജീവികളുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി കൃഷിമന്ത്രി പി.പ്രസാദിനെ ഏൽപ്പിച്ചത്. അയനശ്രീക്ക് പാദസരം വാങ്ങുന്നതിന് കരുതിയ പണമാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അനുശ്രീയും അതേ സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അയനശ്രീയും അറിയപ്പെടുന്ന കുട്ടിക്കർഷകരാണ്.