d

ആലപ്പുഴ : അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണം സെപ്തംബർ 24നകം പൂർത്തിയാക്കണമെന്ന് ലീഗൽ സർവീസ് അതോറിട്ടി ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പേ റോഡ് പണി പൂർത്തിയാക്കുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാതിരുന്നതോടെയാണ് അത്തിത്തറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നിയമസഹായം തേടിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയിൽ പ്രദേശവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭാദ്ധ്യക്ഷ നേരിട്ട് വിഷയത്തിൽ ഇടപെട്ട് റോഡുപണി ഉടൻ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ പ്രദേശത്ത് മെറ്റൽ നിരത്തിയ ശേഷം ടാറിങ്ങിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. മുൻപ് ഉണ്ടായിരുന്നതിലും ദുരിതപൂർണമാണ് ഇപ്പോഴത്തെ അവസ്ഥ. വലിയ മെറ്റലുകൾ ഇളകി വണ്ടി ഓടിക്കാനോ നടന്നു പോകാനോ പോലും പറ്റാത്ത സ്ഥിതിയായി. കാലാവസ്ഥ അനുകൂലമകുന്ന മുറയ്ക്ക് മൂന്ന് ദിവസം കൊണ്ട് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കണം എന്നാണ് ഉത്തരവിലുള്ളത്.

പൊറുതി മുട്ടി ജനങ്ങൾ

1.ചന്ദനക്കാവ് ജംഗ്ഷനു സമീപം അത്തിത്തറ ക്ഷേത്രത്തിലേക്കുള്ള റോഡ് മുതൽ ക്ഷേത്രത്തിന് മുന്നിലൂടെ പടിഞ്ഞാറ് ദിക്കിലെ പ്രധാന റോഡിലേക്കെത്തുന്ന രണ്ട് കിലോമീറ്ററോളം ഭാഗമാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്

2.മെറ്റലിൽ തട്ടി ആളുകൾ വീഴുന്നതും, വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും പതിവാണ്. റോഡിൽ തട്ടിവീണ് സ്കൂൾ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടിയ സംഭവം വരെയുണ്ടായി

3.അത്തിത്തറ ക്ഷേത്രം, സി.എ ഇൻസ്റ്റിട്ട്യൂട്ട്, മുട്ടത്ത് കളരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കെത്തുന്ന ജനങ്ങളും റോഡിന്റെ അവസ്ഥ മൂലം ദുരിതം അനുഭവിക്കുകയാണ്

സെപ്തംബർ 24-ാം തീയതിയ്ക്ക് മുമ്പായി റോഡ് നിർമ്മാണം പൂർത്തീകരിച്ചു നൽകാം എന്ന് നഗരസഭ സെക്രട്ടറി ലീഗൽ സർവീസസ് അതോറിട്ടി മുമ്പാകെ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്-

-വി.എസ്.മഹേഷ്, അത്തിത്തറ റെസിഡന്റ്സ് അസോസിയേഷൻ