ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന ആലപ്പുഴയിലെ പുതിയ ബൈപ്പാസ് മൂന്നുമാസത്തിനകം പൂർത്തിയാകും. കളർകോട് നിന്ന് ആരംഭിച്ച് കൊമ്മാടിയിൽ അവസാനിക്കുന്ന ബൈപ്പാസിന്റെ സ്പാനുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. റൂഫ് സ്ലാബുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതാണ് അടുത്ത ഘട്ടം. ഒരു സ്‌പാനിൽ സമാന്തരമായി നാലു ഗർഡറുകളാണ്
സ്ഥാപിച്ചിട്ടുള്ളത്. അതിന് മുകളിലാണ് റൂഫ് സ്ലാബ്. 225 മില്ലീമീറ്റർ കനത്തിലാണ് കോൺക്രീറ്റ് സ്ലാബ് നിർമിച്ചിട്ടുളളത്. ഹൈ ഗ്രേഡ് കോൺക്രീറ്റാണ് സ്ലാബ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് മുകളിലാണ് റോഡ് സജ്ജമാക്കുക.റൂഫ് സ്ളാബ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷം പാതയുടെ ടാറിംഗ് കൂടി പൂർത്തിയാകുന്നതോടെ ദേശീയപാതയുടെ ഭാഗമായ രണ്ടാമത്തെ ബൈപ്പാസും ഗതാഗതസജ്ജമാകും.
80ശതമാനം ജോലികൾ പൂർത്തിയായി
1.ജൂലായിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് നിർമ്മാണക്കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽകൊടുംചൂട് ഉൾപ്പടെയുള്ള പ്രതികൂല കാലാവസ്ഥയും ലോക്സഭാതിരഞ്ഞെടുപ്പും നിർമ്മാണ സാമഗ്രികളുടെ ക്ഷാമവും തടസമായി
2.ബൈപാസിൽ നിലവിൽ 12 മീറ്റർ വീതിയിലുള്ള രണ്ടുവരിപ്പാതയാണുള്ളത്. 14 മീറ്റർ വീതിയിൽ മൂന്നുവരി പാത കൂടി സമാന്തരമായി വരുന്നതോടെ അഞ്ചുവരിപ്പാതയാകും
..............................................
ആലപ്പുഴ ബൈപ്പാസ്
ആകെ നീളം: 6.8 കി.മീറ്റർ
ഉയരപ്പാത: 3.43 മീറ്റർ
മൂന്നുവരിപ്പാത വീതി: 14 മീറ്റർ
തൂണുകൾ: 96
ഗർഡറുകൾ: 382
തുക (കോടിയിൽ)
വകയിരുത്തിയത്: 1118
അധികമായി അനുവദിച്ചത്: 108
ബീച്ചിലെ റാമ്പിന് : 56
..............................................
കാലാവസ്ഥ ഉൾപ്പടെയുള്ള സാഹചര്യങ്ങൾ അനുകൂലമായാൽ എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കാനുളള ശ്രമത്തിലാണ്. അപ്രോച്ച് റോഡുകളുടെയും ബീച്ചിലേക്കുള്ള റാമ്പിന്റെ നിർമ്മാണത്തിന് മണ്ണ് ലഭ്യമാക്കുന്നതിനൊപ്പം റാമ്പിന് ആവശ്യമായ സ്ഥല മേറ്റെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്
-പ്രോജക്ട് ഡയറക്ടർ, എൻ.എച്ച്.എ.ഐ