ആലപ്പുഴ : ജില്ലാ കോടതി, പുന്നമടപാലങ്ങളുടെ നിർമ്മാണോദ്ഘാടനം ഈ മാസം അവസാനം നടത്താനുള്ള തയ്യാറെടുപ്പിൽ അധികൃതർ. 88കോടി രൂപ ചെലവഴിച്ച് ജില്ലാ കോടതി പാലവും 57കോടി രൂപ ചെലവഴിച്ച് പുന്നമടയിൽ പുതിയ പാലവും നിർമ്മിക്കുന്നത്. ഇരുപാലങ്ങളുടെയും കരാറുകാരുമായി ഈ ആഴ്ച എഗ്രിമെന്റ് വയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് ഇരുവരെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. ജില്ലാകോടതി പാലത്തിന്റെ നിർമ്മാണത്തിന് എറണാകുളത്തെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ഉറപ്പിച്ചത്. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടെ പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയ്യാറാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) നിർമ്മാണ ചുമതല വഹിക്കുന്നത്. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും, തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും മേൽപ്പാലവും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കുന്നതാണ് രൂപരേഖ. സ്ഥലം ഏറ്റെടുക്കിന്നത് ഉൾപ്പെടെ 120.52കോടിരൂപയാണ് കിഫ്ബി അനുവദിച്ചത്. നെഹ്റു ട്രോഫി വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പാലം എത്തുന്നതോടെ വിരാമമാകും. ഇപ്പോൾ പ്രദേശവാസികൾക്ക് നഗരത്തിലെത്താൻ കടത്തുവള്ളം മാത്രമാണ് ആശ്രയം.
........
# കടകൾ ഒഴിയണം
വാടക്കനാലിന്റെ തെക്കേകരയിൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കടകൾ ഒഴിയാൻ കഴിഞ്ഞ ദിവസം കെ.ആർ.എഫ്.ബി കട ഉടമകൾക്ക് നോട്ടീസ് നൽകി. കിഴക്ക് ഭാഗത്തെ 16കട ഉടമകളുമായി ബന്ധപ്പെട്ട കേസ് 21ന് കോടതി പരിഗണിക്കും. തത്കാലികമായി ഇത്രയും കട ഉടമകളെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒഴിഞ്ഞു കിടക്കുന്ന കട മുറികളിലേക്ക് പുനർവിന്യസിക്കും.
.........
ജില്ലാ കോടതി പാലം
അടങ്കൽ: 120.52 കോടി
പാലം: 88കോടി
പുന്നമട പാലം
അടങ്കൽ: 64കോടി
പാലം: 57കോടി