അമ്പലപ്പുഴ: കപ്പലിൽ പോയി കാണാതായ മകന്റെ ജന്മദിനത്തോടനുബന്ധിച്ച്, അഗതികൾക്ക് അന്നദാനം നടത്തി കുടുംബം. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് വൃന്ദാവനംവീട്ടിൽ ബാബു - സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു (25) വിന്റെ ജന്മദിനത്തിലാണ് പറവൂർ മരിയാദാമിൽ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്.
ജൂലായ് 13ന് ഒഡീഷയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ കപ്പലിലെ ജീവനക്കാരനായിരുന്ന വിഷ്ണുവിനെ ജൂലായ് 18 മുതൽ കാണാതായെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. 17ന് വിഷ്ണു സുഹൃത്തിന്റെ ഫോണിൽ കുടുംബവുമായി സംസാരിച്ചിരുന്നു. ഇന്തോനേഷ്യ - മലേഷ്യ കപ്പൽ പാതയിൽ കാണാതായ വിഷ്ണുവിനായി യു.എൻ.കോസ്റ്റൽ ഗാർഡ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിംഗപ്പൂരിൽ കപ്പൽ എത്തിയപ്പോൾ 18 ജീവനക്കാരെയും ചോദ്യം ചെയ്തെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. വിഷ്ണുവിന്റെ ചെരുപ്പുകൾ ഡെക്കിൽ നിന്നും, പഴ്സും, മൊബൈലും മുറിയിൽ നിന്നും കിട്ടിയിരുന്നു. വിഷ്ണുവിന്റെ സാധനങ്ങൾ പാഴ്സലായി വീട്ടിൽ ഉടൻ എത്തിക്കുമെന്ന് കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എംബസി തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടായാലേ അന്വേഷണം പുരോഗമിക്കുകയുള്ളൂ. മുഖ്യമന്ത്രി, എം.പിമാരായ സുരേഷ് ഗോപി , കെ.സി.വേണുഗോപാൽ തുടങ്ങിയവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് കുടുംബം . കഴിഞ്ഞ മേയ് 25നാണ് വിഷ്ണു ഡിനേ മറെെെൻ ചരക്കു കപ്പലിൽ ട്രെയിനിയായി ചേർന്നത്. പിതാവ് ബാബു, ബാബുവിന്റെ സഹോദരി ലളിതമ്മ, ജ്യേഷ്ഠൻ ബേബി, ബേബിയുടെ ഭാര്യ ഓമന, ജ്യേഷ്ഠന്റെ മക്കളായ റിങ്കു, ശ്യാം ,ഗോകുൽ തുടങ്ങിയവരാണ് അന്നദാനം നടത്താൻ എത്തിയത്. ഷിബു ഭാസ്കരൻ , എസ്. പ്രഭുകുമാർ തുടങ്ങിയവരും പങ്കെടുത്തു.