 ഞായറാഴ്ച തത്തംപള്ളിയിൽ 11പേരെ കടിച്ച തെരുവുനായ ചത്തു

 പൂന്തോപ്പിൽ ഇന്നലെ രണ്ട് നായ്ക്കളുടെ കടിയേറ്റത് 6 പേർക്ക്

 ആളുകളെ ആക്രമിച്ച രണ്ട് നായ്ക്കളും ചത്തു

ആലപ്പുഴ : തത്തംപള്ളിയിൽ ഞായറാഴ്ച നിരവധിപ്പേരെ കടിച്ച തെരുവുനായ ഇന്നലെ ചത്തു. അക്രമകാരിയായ നായയെ കീഴ്പ്പെടുത്തി മരുന്ന് കുത്തിവച്ച് ഞായർ ഉച്ച മുതൽ ആലപ്പുഴ നഗരചത്വരത്തിൽ പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കാനുള്ള കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് നായ ചത്തത്. ഇതോടെ നായയുടെ കടിയേറ്റ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

ഇതിനിടെ ഇന്നലെ രാവിലെ പൂന്തോപ്പ്, കൊമ്മാടി ഭാഗങ്ങളിൽ രണ്ട് തെരുവുനായ്ക്കൾ ചേർന്ന് ആറ് പേരെ കടിച്ചു. രണ്ട് നായ്ക്കളും ഉച്ചയോടെ ചത്തു. പൂന്തോപ്പ് സ്കൂളിന് സമീപം രണ്ട് പേരെയും, കൊമ്മാടി പാലത്തിന്റെ ഇറക്കത്തിൽ നാല് പേരെയുമാണ് നായ ആക്രമിച്ചതെന്ന് പൂന്തോപ്പ് വാർഡ് കൗൺസിലർ ബി.മെഹബൂബ് പറഞ്ഞു.

സക്കറിയാ ബസാർ സ്വദേശി ഇക്ബാൽ, പൂന്തോപ്പ് സ്വദേശി രതീഷ്, പുന്നപ്ര സ്വദേശി മാനുവൽ, സ്കൂൾ വിദ്യാർത്ഥിയായ കൊമ്മാടി സ്വദേശി വിശാൽ, ചേർത്തല സ്വദേശി ജിതേന്ദ്രൻ, ആലപ്പുഴ സ്വദേശി എഡിസൺ എന്നിവർക്കാണ് കടിയേറ്റത്.

ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും, ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായ്ക്കളുടെ മൃതശരീരം തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്ക് അയച്ചു. ഇവിടെ നടത്തുന്ന പരിശോധനയിലേ പേവിഷബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനാവൂ. തത്തംപള്ളിയിൽ ഞായറാഴ്ച്ച നായയുടെ കടിയേറ്റ പതിനൊന്ന് പേരാണ് ജില്ലാ ആശുപത്രിയിലും, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. ഞായറാഴ്ച്ച നായയുടെ കടിയേറ്റിട്ടും കാര്യമാക്കാതിരുന്ന തത്തംപള്ളി സ്വദേശിനി, നായ നിരവധിപ്പേരെ ആക്രമിച്ച വിവരം വൈകി അറിഞ്ഞതിനെ തുടർന്ന് ഇന്നലെ ജനറൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ്പെടുത്തു. ഏതെല്ലാം നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെന്ന് വ്യക്തതയില്ലാത്തതിനാൽ സ്കൂളുകൾ കുട്ടികൾക്ക് പുറത്തിറങ്ങിയുള്ള ഡ്രിൽ പിരീഡ് ഉൾപ്പെടെ ഒഴിവാക്കിയിരിക്കുകയാണ്.

കടിയേറ്റ നായ നിരീക്ഷണത്തിൽ

ഞായറാഴ്ച്ച ജനങ്ങളെ കൂടാതെ നായ്ക്കളെയും, അക്രമാസക്തനായ നായ കടിച്ചിരുന്നു. തത്തംപള്ളി സ്വദേശികളുടെ ജിക്കു എന്ന നായക്ക് പരിക്കേറ്റതിനെ തുടർന്ന് തത്തംപള്ളി സ്വദേശിയായ സെബാസ്റ്റ്യന്റെ വീട്ടിൽ ചങ്ങല ഇട്ട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ ആരോഗ്യവിഭാഗം ജീവനക്കാരെത്തി നായയെ മൃഗാശുപത്രിയിലെത്തിച്ച് ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തു. തുടർന്ന് നഗരചത്വരത്തിലെ കൂട്ടിലേക്ക് മാറ്റി. നിരീക്ഷണത്തിലിരിക്കുന്ന നായക്കും മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പ്പെടുക്കും.

നായ്ക്കൾക്ക് ഷെൽട്ടറില്ല

അക്രമാസക്തരാകുന്ന നായ്ക്കളെ മാറ്റി പാർപ്പിക്കാൻ ഷെൽട്ടർ സൗകര്യമോ, ആവശ്യത്തിന് നായ പിടിത്തക്കാരെ സമയത്ത് ലഭ്യമാക്കാനുള്ള സൗകര്യമോ നഗരത്തിൽ ലഭ്യമല്ല. ഷെൽട്ടർ ഒരുക്കാൻ സ്ഥലം ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. നഗരത്തിൽ സിവ്യൂ വാർഡിൽ പണിത എ.ബി.സി സെന്റർ കേന്ദ്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്ക്കരിക്കുകയാണെന്ന് അധികൃതർ പറയുന്നു. 2019ലാണ് തെരുവുനായ്ക്കളുടെ സെൻസസ് ഒടുവിൽ നടത്തിയത്.

2019 സെൻസസ് പ്രകാരം നഗരത്തിൽ

തെരുവുനായ്ക്കൾ: 1375

വളർത്തുനായ്ക്കൾ: 3954

അടിയന്തരമായി നായ്ക്കൾക്ക് വാക്സിനെടുക്കാനുള്ള സൗകര്യമൊരുക്കും

- എ.എസ്.കവിത, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ