തുറവൂർ: ഒ.പിയിലെത്തുന്ന ആയിരത്തോളം രോഗികൾക്ക് മരുന്നുകുറിക്കാൻ രണ്ട് ഡോക്ടർമാർ മാത്രം. വൃദ്ധർ മുതൽ കുട്ടികൾ വരെ ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ... തുറവൂർ താലൂക്ക് ആശുപത്രിയിലെ പതിവുകാഴ്ചയാണിത്. ആശുപത്രിയിലെ ഡോക്ടർമാരുടേത് ഉൾപ്പടെ പുറത്തെ വാടകമുറികളിൽ സ്വകാര്യ പ്രാക്ടീസ് മുടക്കമില്ലാതെ പൊടിപൊടിക്കുമ്പോൾ, പാവപ്പെട്ട രോഗികൾ വിദഗ്ദ്ധ ചികിത്സകാത്ത് പെരുവഴിയിൽ നിൽക്കേണ്ടിവരുന്നു. ബഹുനില കെട്ടിടം ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് തുറവൂർ താലൂക്ക് ആശുപത്രിയെ ശ്വാസംമുട്ടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന തുറവൂർ ഗവ.ആശുപത്രിയെ 2010ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ വർദ്ധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല
1. സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പടെ 36 പേർ വേണ്ടിടത്ത് ഇപ്പോഴുള്ളത്
7 പേർ മാത്രമാണ്. ജനറൽ മെഡിസിൻ വിഭാഗത്തിലടക്കം ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയുണ്ട്. ഒരു നഴ്സ് തസ്തികയും ഒഴിഞ്ഞു കിടപ്പുണ്ട്
2. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ആശുപത്രി അരൂർ നിയോജക മണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ്. 1500 ലധികം പേരാണ് ദിവസേന ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്
3. ദേശീയപാതയോരത്തെ ആശുപത്രിയായതിനാൽ അപകടങ്ങളിൽപ്പെട്ട് ദിവസേന 500 പേർ അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ട്. ഈ വിഭാഗത്തിൽ ഒരു ഡോക്ടറാണ് പലപ്പോഴും ഡ്യൂട്ടിയിലുള്ളത്. ഇവിടെയും രോഗികൾ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയുണ്ട്
4. അസ്ഥിരോഗ വിഭാഗം ഡോക്ടർ ഇല്ലാത്ത കാരണം പറഞ്ഞ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പ്രസവ വിഭാഗത്തിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. നിത്യേന 300 ഓളം പേർ ഈ ഒ.പിയിലെത്തുന്നുണ്ട്
5. സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ത്വക്ക്, അസ്ഥി, സർജറി, ഇ.എൻ.ടി, കണ്ണ് എന്നിവയിലും
ഡോക്ടർമാരില്ല. വർക്കിംഗം അറേഞ്ച്മെന്റിലുണ്ടായിരുന്ന കണ്ണ് ഡോക്ടർ എറണാകുളത്തേക്ക് സ്ഥലംമാറി പോകുകയും ചെയ്തു
6. ഒരു സ്ഥിരം സ്റ്റാഫ് മാത്രമാണ് ഫാർമസിയിലുള്ളത്. രാത്രിയിൽ സേവനം ലഭ്യമല്ല. ലാബ്, എക്സ് റേ സൗകര്യങ്ങളും ഇരുപത്തിനാല് മണിക്കൂർ ലഭ്യമല്ല. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആശുപത്രിക്ക് ലഭിക്കേണ്ട ഒരു കോടി രൂപ ഇനിയും കിട്ടിയിട്ടില്ല
തുറവൂർ താലൂക്കാശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് കത്ത് നൽകി
-ദെലീമ ജോജോ എം.എൽ.എ
തുറവൂർ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റും നീയമിക്കാത്ത സർക്കാർ നടപടി രോഗികളോടുള്ള വെല്ലുവിളിയാണ്. കോടികളുടെ കെട്ടിടനിർമ്മാണം മാത്രം നടത്തി ബന്ധപ്പെട്ടവർ കമ്മീഷൻ തട്ടുന്നതല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല
- അസീസ് പായിക്കാട്, പ്രസിഡന്റ്, കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി
10 ഡോക്ടർമാരെ കൂടി നിയമിച്ചാൽ ആശുപത്രി പ്രവർത്തനം സുഗമമാകും
- ആർ.റൂബി, ആശുപത്രി സൂപ്രണ്ട്