ഹരിപ്പാട് : അപ്പർ കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്താനും കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനുമായി പ്രഖ്യാപിച്ച പമ്പ, അച്ചൻ കോവിൽ ആറുകളുടെ ആഴംകൂട്ടൽ പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ ബഡ്ജറ്റിലും തുക വക കൊള്ളിച്ചിരുന്നെങ്കിലും കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് പ്രാവർത്തികമായില്ല. പമ്പയാറും അച്ചൻകോവിലാറും സംഗമിക്കുന്ന വീയപുരം തുരുത്തേൽ കടവിലാണ് ആഴംകൂട്ടാൻ പദ്ധതിയിട്ടത്.
നിലവിലെ നില തുടർന്നാൽ ചെറിയ മഴപെയ്താൽ പോലും നദികൾ കരകവിയും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ കർഷകരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. കരകൃഷിയ്ക്കും ഭീഷണിയാകും. നദി ആഴം കൂട്ടലിന്റെ മറവിൽ മണൽ സാന്നിദ്ധ്യമുള്ള ചെറുതന പാണ്ടി , പുത്തനാർ പ്രദേശങ്ങളിൽ ആവശൃത്തിലധികം നദി താഴ്ത്തി മണൽക്കൊള്ള നടത്തുന്നുമുണ്ട്. ഇതേത്തുടർന്ന് സമീപത്തെ വീടുകളുടെ ഭിത്തിയ്ക്ക് വിള്ളലുണ്ട്. അപ്പോഴും ആവശ്യമുള്ള മേഖലകളിൽ ആഴംകൂട്ടാൻ നടപടിയുണ്ടാകുന്നില്ല.
യാർഡ് സ്ഥാപിച്ചു, ഡ്രഡ്ജർ കൊണ്ടുപോയി
1. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ സംഭരിക്കാൻ തുരുത്തേൽപാലത്തിന് കിഴക്കുവശത്ത് നദീതീരത്ത് തെങ്ങ് കുറ്റികൾ നാട്ടി യാർഡ് സ്ഥാപിച്ചിരുന്നു
2. ആഴംകൂട്ടുന്നതിനായി കരാറുകാരൻ ഡ്രഡ്ജർ സ്ഥലത്ത് എത്തിച്ചെങ്കിലും ലഭിക്കുന്നത് മണൽ അല്ലെന്ന കാരണം പറഞ്ഞ് മടക്കിക്കൊണ്ടുപോയി
3. അച്ചൻകോവിൽ, പമ്പ ആറുകൾ ജലത്തെ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ വർഷങ്ങളായി സംഭരണശേഷി നഷ്ടപ്പെട്ട നിലയിലാണ്
4. ഇവയിൽ നിന്ന് മണലും എക്കലും നീക്കാൻ മാന്നാർ, വീയപുരം, ചെറുതന, കരുവാറ്റ പഞ്ചായത്തുകൾക്ക് അനുമതി നൽകിയാൽ പഞ്ചായത്തുകൾക്ക് വരുമാനമാകും
പരാതികൾക്കും നിവേദനങ്ങൾക്കും ഒരു പരിഗണനയും സർക്കാരോ ബന്ധപ്പെട്ടവരോ നൽകുന്നില്ല . ഇനിയെങ്കിലും ഈ നിസ്സംഗത അവസാനിപ്പിക്കണം
- പ്രദേശവാസികൾ