ആലപ്പുഴ: ജില്ലാ ജഡ്ജിമാർ ഉൾപ്പടെയുള്ള വലിയ ശിഷ്യസമ്പത്ത് ബാക്കിവെച്ചാണ് ആലപ്പുഴയിലെ സീനിയർ അഭിഭാഷകൻ അഡ്വ.കെ.ധർമ്മപാലൻ (92) വിടവാങ്ങിയത്. 61 വർഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തി. നാല് മാസം മുമ്പ് വരെയും തന്റെ ഔദ്യോഗിക ചുമതലകളിൽ അദ്ദേഹം സജീവമായിരുന്നു. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് വിശ്രമജീവിതത്തിലേക്ക് കടന്നത്. ശ്രീനാരായണ ഗുരു സന്ദർശിച്ച തുറവൂരിലെ പ്രസിദ്ധമായ മനക്കോടം തറവാട്ടിലെ, മനക്കോടം കേശവൻ വൈദ്യരുടെ ഇളയ മകനാണ്. കേശവൻ വൈദ്യർ രചിച്ച ആധികാരിക ഗ്രന്ഥങ്ങളാണ് ഇന്നും ആയുർവേദ കോളേജുകളിൽ റഫറൻസായി ഉപയോഗിച്ചുവരുന്നതെന്ന് കഴിഞ്ഞ മുപ്പത് വർഷമായി അഡ്വ. ധർമ്മപാലനൊപ്പം പ്രാക്ടീസ് ചെയ്യുന്ന അഡ്വ.രവീന്ദ്രദാസ് പറഞ്ഞു. രാവിലെ 8 മണിക്ക് അഭിഭാഷകർ ഓഫീസിലെത്തണമെന്ന കണിശക്കാരനായ സീനിയറായിരുന്നു ധർമ്മപാലനെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻ അഡ്വ.റീഗോ രാജു അനുസ്മരിച്ചു. വാർദ്ധക്യത്തിലും തന്റെ ജോലിയോടുള്ള അടങ്ങാത്ത ആവേശം ജൂനിയർമാർക്കും, ഇതര അഭിഭാഷകർക്കും പ്രചോദനമായിരുന്നെന്ന് ആലപ്പുഴ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.വിഷ്ണുരാജ് സുഗതൻ അനുസ്മരിച്ചു.