ഹരിപ്പാട്: നീണ്ടനാളുകളായി തന്റെ കയ്യിൽ കിട്ടിയ നാണയ തുട്ടുകൾ സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്ക വൈഗ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി . ചിങ്ങോലി 11-ാം വാർഡിൽ കാർത്തിക വീട്ടിൽ വിപിനയുടെ മകൾ 4-ാം ക്ലാസുകാരി വൈഗയുടെ ദീർഘനാളത്തെ സമ്പാദ്യം മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. നാടിനെ ആകെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായവരെ സഹായിക്കാൻ നാടാകെ കൈകോർക്കുമ്പോൾ തന്റെ സമ്പാദ്യ കുടുക്കയുമായി വൈഗയും റീബിൽഡ് വയനാടിനായി കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിരവധി വ്യക്തികൾ സംഭാവന നൽകുന്ന വാർത്തകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് തന്റെ സമ്പാദ്യ കുടുക്ക ദുരിതാശ്വസ നിധിയിൽ നൽകാൻ വൈഗ സ്വമേധയാ തയ്യാറാകുകയായിരുന്നു. കേരളത്തിന്റെ പൊതു മനസിനൊപ്പം കൈകോർത്ത വൈഗയെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു.