photo

കായംകുളം : കായംകുളത്ത് ദേശീയപാതയിൽ തൂണിൽ തീർത്ത എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യത്തെ അവഗണിച്ച് അധികൃതർ നടത്തിയ അടിപ്പാത നിർമ്മാണം തടസപ്പെടുത്തിയ പില്ലർ എലിവേറ്റഡ് ഹൈവേ സമരസമിതി നേതാക്കളെ കായംകുളം ഡിവൈ എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തു. ജനകീയ സമരസമിതി ചെയർമാൻ ആയിരത്ത് ഹമീദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എം.അമ്പിളി മോൻ, കായംകുളം നഗരസഭ കൗൺസിലർ എ.പി.ഷാജഹാൻ, പി.ഇ.ഹരിഹരൻ, അജീർ യൂനുസ്, അനസ് ഇല്ലിക്കുളം, നിഹാസ് അബ്ദുൽ അസീസ്, നിഷാദ് ഇസ്മയിൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് കായംകുളം ജി.ഡി.എം ആഡിറ്റോറിയത്തിന് മുന്നിലെ അടിപ്പാതയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് അധികൃതർ എത്തിയത്. വിവരം അറിഞ്ഞ് എത്തിയ സമര സമതി നേതാക്കളുടെ നേതൃത്വത്തിൽ നിർമ്മാണം തടസപ്പെടുത്തി. സ്ഥലത്ത് എത്തിയ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് കായംകുളം സ്റ്റേഷനിലേയ്ക്കു മാറ്റി. ഇതോടെ കൂടുൽ പേർ സ്റ്റേഷനിൽ എത്തി. കസ്റ്റഡിയിൽ എടുത്ത സമരക്കാരെ രണ്ടുമണിക്കൂറിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

എലിവേറ്റഡ് ഹൈവേ വിഷയം സംബന്ധിച്ച് കെ.സി.വേണുഗോപാൽ എം.പി പാർലമെന്റിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. വിഷയം പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നിർമ്മാണ സ്ഥലം സന്ദർശിക്കാനിരിക്കെയാണ് എൻ.എച്ച്.എ.ഐ തിടുക്കത്തിൽ അടിപ്പാത നിർമ്മാണം ആരംഭിക്കാൻ ശ്രമിച്ചത് .

ഇന്ന് കട അടച്ച് സമരം

പില്ലർ എലിവേറ്റഡ് ഹൈവേ സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്ത സംഭവത്തിൽ ഇന്ന് കായംകുളത്ത് വ്യാപാരികൾ കട അടച്ചും തൊഴിലാളികൾ പണിമുടക്കിയും പ്രതിഷേധിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണിവടെയാണ് പ്രതിഷേധം.