മുഹമ്മ: മണ്ണഞ്ചേരിയിലെ ഏഴ് സ്വകാര്യ ബസുകൾ ഇന്നലെ സർവീസ് നടത്തിയത് വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി. മണ്ണഞ്ചേരി റോഷൻ ഗ്രൂപ്പിലെ ആറും അംബികേശ്വരി ബസുമാണ് സഹായ സർവീസ് നടത്തിയത്. മണ്ണഞ്ചേരി-ഇരട്ടകുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന മെഹ്‌റ, അംബികേശ്വരി, മണ്ണഞ്ചേരി -കഞ്ഞിപ്പാടം റൂട്ടിൽ സർവീസ് നടത്തുന്ന ഇഷാൻ, മണ്ണഞ്ചേരി-റെയിൽവേ വഴിയുള്ള റോഷൻ, കലവൂർ - റെയിൽവേ സർവീസ് നടത്തുന്ന സുൽത്താൻ,ഡാനിഷ് എന്നീ ബസുകളാണ് വയനാടിന് വേണ്ടി നിരത്തിലിറങ്ങിയത്. ബസിലെ ജീവനക്കാർ ഇന്നലത്തെ വേതനം ഉൾപ്പെടെ ഓടി കിട്ടുന്ന മുഴുവൻ തുകയും വയനാട് ഫണ്ടിലേക്ക് നൽകുമെന്ന് ബസ് ഉടമകളായ ഷിബുമോൻ, മൻഷാദ്, റിയാസ്, അനിൽ എന്നിവർ പറഞ്ഞു.
മണ്ണഞ്ചേരി സ്വകാര്യ ബസ് സ്റ്റാൻഡിൽ രാവിലെ ആറിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് ഫ്ലാഗ് ഒഫ് ചെയ്തു. അമ്പനാകുളങ്ങര ജുമുഅ മസ്ജിദ് പ്രസിഡന്റ് നസീർ പൂവത്തിൽ അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സി.നിസാർ മുഖ്യപ്രഭാഷണം നടത്തി. ഗവ. ഹൈസ്കൂൾ എസ്.എം.സി വൈസ് ചെയർമാൻ ഷിഹാബ് കുന്നപ്പള്ളി , ബസ് തൊഴിലാളി യൂണിയൻ കൺവീനർ മുഹമ്മദ് ജമാൽ, ജമാഅത്ത് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി റഹീം പൂവത്തിൽ, എന്റെ ഗ്രാമം മണ്ണഞ്ചേരി വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ബി.അൻസിൽ എന്നിവർ സംസാരിച്ചു.