മാവേലിക്കര: കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയുടെ മുൻഭാഗം നവീകരണം തുടങ്ങി. ഡിപ്പോ വളപ്പിലേക്ക് ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങളും ഇവയ്ക്ക് മുകളിൽ കമാനങ്ങളുമാണ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് കവാടത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. എം.എസ്.അരുൺകുമാർ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിനായി 97 ലക്ഷം രൂപ അനുവദിച്ചിരുന്നു. കുണ്ടും കുഴിയുമായി കിടന്ന ബസ് സ്റ്റാൻഡ് വളപ്പിൽ തറയോടുകൾ പാകുന്നതിനും പുതിയ കവാടത്തിനുമായി 67 ലക്ഷം രൂപയും സ്റ്റാൻഡിന് മുന്നിലുളള കോട്ടത്തോടിന്റെ അപകടാവസ്ഥയിലുളള സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

തറയോടുകൾ പാകുന്ന ജോലി നേരത്തെ പൂർത്തീകരിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് കവാടനിർമ്മാണം നടക്കുന്നത്. എം.എസ്.അരുൺകുമാർ എം.എൽ.എ, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.എൽ.സാജി, അസിസ്റ്റന്റ് എഞ്ചിനീയർ ബി.അനീഷ്, കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ സി.വിജയക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി.