ആലപ്പുഴ: ജില്ലയിലെ ഒമ്പത് വില്ലേജുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ പൂർത്തിയായി. ചേർത്തല താലൂക്കിലെ അഞ്ചും കുട്ടനാട്ടിലെ രണ്ടും അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവിടങ്ങളിലെ ഒന്ന് വീതം വില്ലേജുകളിലാണ് സർവേ
പൂർത്തിയായത്. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. ഇത് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഈ മാസം അവസാനം പ്രസിദ്ധീകരിക്കും.
അഞ്ചുവർഷം കൊണ്ട് ജില്ലയിലെ 93 വില്ലേജുകളിലെയും ഡിജിറ്റൽ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിലെ ഒമ്പത് വില്ലേജുകളിലെ സർവേയാണ് പൂർത്തിയായത്. അരൂർ വില്ലേജിലേത് ഇനി പൂർത്തിയാക്കാനുണ്ട്.
ആദ്യഘട്ടത്തിൽ ചേർത്തല താലൂക്കിലെ ആറും കുട്ടനാട്ടിലെ രണ്ടും
വില്ലേജുകളെ മൂന്നായി തിരിച്ചായിരുന്നുസർവേ. ഇതിൽ ഏഴണ്ണം പൂർത്തിയായി.
രണ്ടാംഘട്ട സർവ്വേ നിയോജമണ്ഡലാടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 25 വില്ലേജുകളിൽ രണ്ടാം ഘട്ടം നടക്കും. കായംകുളം നിയോജക മണ്ഡലത്തിൽ അഞ്ചും ഹരിപ്പാട്, മാവേലിക്കര നാലുവീതവും ആലപ്പുഴ മൂന്നും ചേർത്തല, അമ്പലപ്പുഴ, ചെങ്ങന്നൂർ, കുട്ടാനാട് രണ്ടുവീതവും, അരൂർ ഒന്നും വില്ലേജുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു വില്ലേജിൽ നാലര മാസം കൊണ്ട് സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സേവനങ്ങൾ വിരൽത്തുമ്പിൽ
1.ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. സേവനങ്ങൾ ഒറ്റ പോർട്ടലിൽ.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനാകും. പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹരം
2.ഒന്നാം ഘട്ടത്തിലെ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി, കുത്തിയതോട്, എഴുപുന്ന, ചേർത്തല നോർത്ത്, കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്, വെളിയനാട് എന്നിവിടങ്ങളിലെയും രണ്ടാം ഘട്ടത്തിലെ അമ്പലപ്പുഴ, ഹരിപ്പാട് വില്ലേജുകളിലെയും സർവേ പൂർത്തിയായി
3. 800- 2800 ഹെക്ടർ ഭൂമിയുടെ ഡിജിറ്റൽ സർവേയാണ് ഓരോ വില്ലേജിലും പൂർത്തിയായത്. ഇതോടെ സർവേ പൂർത്തിയായ ജില്ലയിലെ ആദ്യ മോഡൽ വില്ലേജായി കടക്കരപ്പള്ളിയായി മാറി
ജില്ലയിൽ
ആകെ വില്ലേജുകൾ : 93
സർവേ ആരംഭിച്ചത് : 33
പൂർത്തിയാക്കിയത് : 09
അരൂർ വില്ലേജിലെ ഭൂ ഉടമകളുടെ രേഖകൾ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള വിജ്ഞാപനം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും
-ആർ.സോമനാഥൻ,
ഡെപ്യൂട്ടി ഡയറക്ടർ (സർവേ),
ആലപ്പുഴ