amr

വള്ളികുന്നം: നിമിഷങ്ങളുടെ ദൈർഘ്യമുള്ള ടെലിസീരിസിലൂടെ പ്രകൃതിചൂഷണങ്ങളുൾപ്പെടെയുള്ള തിൻമകൾക്കെതിരായ സന്ദേശം സമൂഹത്തിന് പകരുകയാണ് വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ കുട്ടികൾ. പ്രകൃതി ദുരന്തത്തിൽ വയനാടൻ മണ്ണിൽ അകാലത്തിൽ പൊലിഞ്ഞവരുടെ സ്മരണകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ടെലിസീരിസിന്റെ ആദ്യ എപ്പിസോഡ്. സ്കൂളിലെ അദ്ധ്യാപകനും എൻ.സി.സി ഓഫീസറുമായ മനോജ് വള്ളികുന്നത്തിന്റെതാണ് ആശയം. എൻ.സി.സി കേഡറ്റുകളായ അരുഷ, അമേയ, അനശ്വര എന്നീ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപക പുരസ്കാര ജേതാക്കൾ കൂടിയായ താമരക്കുളം വി.വി ഹയർസെക്കൻഡറി സ്കൂളിലെ എൽ. സുഗതൻ,അമൃത ഹയർ സെക്കൻഡറി സ്കൂളിലെ ആർ.രഘുനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീകുമാർ ശ്രീറാമാണ് സംവിധാനം. കായംകുളം ഗവ. യു.പി.എസ് സംഗീത അദ്ധ്യാപിക സിന്ധു ടി.കെ എഴുതി ആലപിച്ച ഗാനവും ടെലിസീരിസിലുണ്ട്. സ്കൂളിന്റെ യുട്യൂബ് ചാനലായ അമൃതധ്വനിയിലും വിദ്യാഭ്യാസ വകുപ്പിന്റെ പള്ളിക്കുടം ടി.വിയിലും ടെലിസീരിസ് സംപ്രേക്ഷണം ചെയ്യും. എല്ലാ ആഴ്ചയിലും ഇത്തരം ചെറു സന്ദേശങ്ങളടങ്ങിയ സീരീസുകൾ പുറത്തിറക്കാനാണ് അദ്ധ്യാപകരുടെയും കുട്ടികളുടെയും പരിപാടി.