ആലപ്പുഴ: രണ്ട് ദിവസങ്ങളിലായി നഗരത്തിലെ തത്തംപള്ളി, പൂന്തോപ്പ് - കൊമ്മാടി പ്രദേശങ്ങളിൽ നിരവധി പേരെ അക്രമിച്ച നായ്ക്കളിൽ രണ്ടെണ്ണത്തിന് പേ വിഷബാധ സ്ഥിരീകരിച്ചു. കൊമ്മാടിയിൽ ഒമ്പത് പേരെ കടിച്ച നായ്ക്കൾക്കാണ് പേവിഷബാധയുള്ളത്.

തത്തംപള്ളിയിൽ പിടികൂടിയ നായയ്ക്ക് രോഗമില്ല. ഇന്നലെയാണ് തിരുവല്ല മഞ്ഞാടിയിൽ നിന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവിക്ക് ഔദ്യോഗിക പരിശോധനാ ഫലം ലഭിച്ചത്. ജനങ്ങളെ അക്രമിച്ച മൂന്ന് നായ്ക്കളും ചത്തിരുന്നു. കടിയേറ്റവർ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്. മനുഷ്യരെ കൂടാതെ പ്രദേശത്തെ തെരുവുനായ്ക്കളെ രോഗവാഹകരായ നായ്ക്കൾ കടിച്ചിട്ടുണ്ടോ എന്ന ആശങ്ക ജനങ്ങളിൽ ഭീതി ഉണർത്തുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി നഗരത്തിൽ ഇരുപതോളം പേർക്കാണ് നായകടിയേറ്റത്.

വാക്സിനേഷൻ യജ്ഞം നാളെ മുതൽ

നഗരസഭാ പ്രദേശത്ത് വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ തെരുവ് നായകൾക്കുള്ള മെഗാ വാക്‌സിനേഷൻ യജ്ഞം നാളെ മുതൽ രണ്ട് ടീമുകളുടെ നേതൃത്വത്തിൽ ആരംഭിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. നായപിടുത്തക്കാരുടെ സഹായത്തോടെ തെരുവുനായ്ക്കളെ പിടിച്ച് മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്ററിനറി ഡോക്ടർമാരുടെയും സഹകരണത്തോടെ വാക്‌സിനേഷൻ നടത്തും. വാക്സിനേഷൻ പ്രക്രിയയിൽ പങ്കാളികളാകുന്നവർ ഇന്ന് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കും.

വാക്‌സിനെടുക്കുന്ന നായ്ക്കളെ വാക്‌സിനേഷൻ കാലയളവിലേയ്ക്ക് തിരിച്ചറിയാവുന്ന വിധം ഫാബ്രിക് പെയിന്റുപയോഗിച്ച് അടയാളപ്പെടുത്തും. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ച സർവ്വകക്ഷിയോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, എൽ.ഡി.എഫ് പാർലമെന്റററി പാർട്ടി സെക്രട്ടറി സൗമ്യരാജ്, പ്രതിപക്ഷ നേതാവ് അഡ്വ.റീഗോരാജു, കക്ഷിനേതാക്കളായ
ഹരികൃഷ്ണൻ, സലിംമുല്ലാത്ത്, പി.രതീഷ്, എം.ജി.സതീദേവി, സെക്രട്ടറി എ.എം.മുംതാസ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, സീനിയർ വെറ്ററിനറി സർജൻ പി.രാജീവ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനോജ്, ശങ്കർമണി, ഷാംകുമാർ, ജിഷ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ ദിവസങ്ങളിൽ തത്തംപള്ളി, പൂന്തോപ്പ്, കൊമ്മാടി പ്രദേശങ്ങളിലെ നായ്ക്കൾക്ക് വാക്സിനേഷൻ

മൂന്ന് ആഴ്ച കൊണ്ട് 52 വാ‌ർഡിലും വാക്സിനേഷൻ പൂർത്തിയാക്കും

വാക്സിനേഷൻ നൽകുന്നത്:

1295 തെരുവ് നായ്ക്കൾക്ക്

ഒരു നായയ്ക്ക് ചെലവ് 300 രൂപ

നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് വാക്സിനേഷൻ നടത്തുക. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് പുറമേ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരുടെ സേവനവും വിനിയോഗിക്കും. നായ്ക്കളെ പിടികൂടുന്നതിൽ വിദഗ്ദ്ധനായ വയലാർ സ്വദേശി സജീവന്റെ സഹായം തേടുന്നുണ്ട്.

മൂന്നാഴ്ച്ചകൊണ്ട് നഗരത്തിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും വാക്‌സിനേഷൻ പൂർത്തിയാക്കും. വാക്‌സിനേറ്റ് ചെയ്ത നായ്ക്കളുടെ വന്ധ്യംകരണ നടപടികൾക്കായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് എ.ബി.സി പദ്ധതി നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി

-കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ