ചേർത്തല : ചേർത്തല നഗരത്തിലെ പ്രധാന പാലങ്ങളിൽ ഒന്നായ ഇരുമ്പുപാലം പുനർ നിർമ്മാണത്തിന് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ കുരുക്ക്. ജല നിരപ്പിൽ നിന്ന് 5 മീറ്റർ ഉയരത്തിൽ പാലം നിർമ്മിക്കണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം. എന്നാൽ 3 മീറ്റർ ഉയരത്തിൽ നിർമ്മിക്കാനുള്ള രൂപരേഖയ്ക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.
മന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ കിഫ്ബി പദ്ധിതിയിൽ ഉൾപ്പെടെുത്തി 20.61 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് 2023 ഏപ്രിലിൽ ലഭിച്ചത്. നിയമക്കുരുക്ക് മറികടക്കാൻ മന്ത്രി പി.പ്രസാദും,ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കഴിഞ്ഞ ദിവസം യോഗം ചേർന്ന് 3 മീറ്റർ ഉയരം മതിയെന്ന് ധാരണയായതായാണ് വിവരം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല.
ചേർത്തല നഗരഹൃദയത്തിലുള്ള കാലപ്പഴക്കംചെന്ന പഴയ പാലം പൊളിച്ച് വീതിയേറിയ പുതിയ പാലമാണ് നിർമ്മിക്കുന്നത് . കെ.ആർ.എഫ്.ബിയാണ് നിർമാണത്തിന്റെ നിർവഹണ ഏജൻസി. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ നിർമ്മാണത്തിന് ആവശ്യമായ സ്ഥലമെറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളൂ. പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം പൊതുമരാമത്ത് വകുപ്പ് ഒരു വർഷമായി നിരോധിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയും,സ്വകാര്യ ബസുകളും മറ്റ് വഴികളിലൂടെയാണ് നഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ഇത് വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലേയ്ക്ക് എത്തുന്ന യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എന്നാൽ നിരോധനം മറികടന്ന് ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്. നഗരത്തിലെ സെന്റ് മേരീസ് പാലം പൊളിച്ചിട്ടിക്കുന്നതിനാൽ വൻ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. സെന്റ് മേരീസ് പാലത്തിന്റെ നിർമ്മാണവും അനന്തമായി നീളുകയാണ്.
വരുന്നത് വീതിയേറിയ പാലം
31.9 മീറ്റർ നീളത്തിലും 14മീറ്റർ വീതിയിലുമാണ് പുതിയ പാലം
1.5 മീറ്റർ വീതം ഇരുഭാഗത്തും നടപ്പാതയുണ്ടാകും
3 തൂണുകളിലായാണ് പാലത്തിന്റെ നിർമ്മിതി
നിലവിലുള്ള പാലത്തേക്കാൾ നാലടിയോളം ഉയരം കൂടുതൽ ഉണ്ടാകും
പാലത്തിന്റെ കിഴക്കും പടിഞ്ഞാറും 14 മീ.വീതിയിൽ 150 മീ.നീളത്തിൽ സമീപനപാത
ആകെ ചിലവ്
20.61 കോടി
യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടാകണം.വടക്കേ അങ്ങാടികവല–പാരഡൈസ്–ആഹ്വാനം വായനശാല വഴി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ നടത്താൻ അധികൃതർ തയ്യാറാകണം
- വേളോർവട്ടം ശശികുമാർ, ചെയർമാൻ,ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ