വള്ളികുന്നം: മദ്യലഹരിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ ജില്ലയുടെ അതിർത്തിഗ്രാമമായ വള്ളികുന്നം താളീരാടി അനധികൃത മദ്യവിൽപ്പനകേന്ദ്രം. അബ്കാരി കുറ്റകൃത്യങ്ങളിൽ സ്ഥിരംപ്രതികളായി കുപ്രസിദ്ധി നേടിയ സ്ത്രീയുൾപ്പെട്ട സംഘം ബാറുകളെ വെല്ലുന്ന സംവിധാനങ്ങളോടെയാണ് ഇവിടെ മദ്യവിൽപ്പന നടത്തുന്നത്. ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയായ പശ്ചിമ ബംഗാൾ ഹരിറാംപൂർ മാൽധ സ്വദേശി സമയഹസ്തയെ (25) സുഹൃത്തും ബംഗാൾ സ്വദേശിയുമായ സനതൻ ടുഡു (24) കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയത്.
സമയഹസ്തയും സനതനും താളീരാടിയിലെ മദ്യവിൽപ്പന കേന്ദ്രത്തിൽ നിന്നും കുപ്പിക്കണക്കിന് മദ്യമാണ് ഞായറാഴ്ച അകത്താക്കിയത്. ഇതിന് ശേഷമായിരുന്നു കൊലപാതകം, സർക്കാർ മദ്യശാലയിലേക്കും ബാറുകളിലേക്കും കിലോമീറ്ററുകൾ കണക്കിന് ദൂരമുള്ളതിനാൽ അനധികൃത മദ്യവിൽപ്പന കേന്ദ്രങ്ങളിലേക്കാണ് ഇവിടെ മദ്യപൻമാരുടെ പാച്ചിൽ. പൊലീസ് സ്റ്റേഷനിൽ നിന്നും എക്സൈസ് ഓഫീസിൽ നിന്നും ഏറെ ദൂരെയുള്ള ഇവിടെ പട്രോളിംഗോ പരിശോധനയോ കാര്യക്ഷമമല്ല. ഈ സാഹചര്യങ്ങൾ മുതലാക്കിയാണ് അനധികൃത മദ്യക്കച്ചവടക്കാരും ലഹരി വിൽപ്പനക്കാരും വിലസുന്നത്. സ്പിരിറ്റിൽ കളർ ചേർത്ത് നിർമ്മിക്കുന്ന വ്യാജ മദ്യവും ഇവിടെ സുലഭമാണ്. മദ്യത്തിന് പുറമേ കഞ്ചാവിന്റെയും എം.ഡി.എം.എ പോലുള്ള രാസലഹരി വസ്തുക്കളുടെയും വിൽപ്പന ഇവിടം കേന്ദ്രീകരിച്ചുണ്ട്.
നേരം പുലരും വരെ കച്ചവടം,
ടച്ചിംഗ് ഉൾപ്പെടെ റെഡി
മദ്യപിക്കാനെത്തുന്നവർക്ക് അളവ് അനുസരിച്ച് കുപ്പികളിൽ നിറച്ച് സൂക്ഷിച്ചിരിക്കുന്ന മദ്യം കഴിക്കാനുള്ള ഇരിപ്പിട സൗകര്യവും വിവിധ തരം ടച്ചിംഗുകളുമായി നേരംപുലരും മുതൽ രാത്രിവരെ സജീവമാണ് അനധികൃത ബാർ. ഓംലറ്റും ബുൾസ് ഐയും വരെ റെഡിയാണ്. ഇഷ്ടിക വ്യവസായത്തിന് പ്രസിദ്ധമായ ഇവിടെ ജോലിചെയ്യുന്നവരിലധ്രകവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് ഉപഭോക്താക്കളിലധികവും.