വള്ളികുന്നം : ഇഷ്ടിക കമ്പനിയിൽ അന്യസംസ്ഥാനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതോടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഹരിറാംപൂർ മാൽധ സ്വദേശി സമയഹസ്തയെ (25) കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും ബംഗാൾ സ്വദേശിയുമായ സനതൻ ടുഡുവിനെയാണ് (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് സമയഹസ്തയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിടിവലിയുടെ ലക്ഷണങ്ങളും കഴുത്തിൽ വരിഞ്ഞ അടയാളവും കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. തുടർന്ന് സനതനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കയറും സംഭവസമയത്ത് സമയഹസ്ത ഇരുന്ന പ്ളാസ്റ്റിക്ക് കസേരയും സനതൻ സമീപത്തെ പുഞ്ചയിൽ ഒളിപ്പിച്ചു. ഇന്നലെ രാവിലെ സനതനുമായെത്തി പൊലീസ് ഇവ കണ്ടെത്തി. സമയഹസ്തയുടെ ബന്ധുക്കൾ വിവരമറിഞ്ഞ് ബംഗാളിൽ നിന്ന് ആലപ്പുഴയ്ക്ക് തിരിച്ചിട്ടുണ്ട്. സനതനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വള്ളികുന്നം താളീരാടി തെക്കേത്തലയ്ക്കൽ മോഹനന്റെ ഉടമസ്ഥതയിലുള്ള എം.എസ് ഇഷ്ടിക കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. പഴയ ചൂളയുടെ ഷെഡിലായിരുന്നു ഇവരുടെ താമസം.
കൊലയിലേക്ക് നയിച്ചത് പ്രതിയുടെ
പെൺസുഹൃത്തുമായുള്ള ചാറ്റിംഗ്
സനതൻ ടുഡുവിന്റെ പെൺസുഹൃത്തുമായി സമയഹസ്ത മൊബൈൽഫോൺ വഴി ചാറ്റ് ചെയ്തതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഞയറാഴ്ച രാത്രി പത്തരയോടെയാണ് കൊല നടന്നത്. അന്ന് രാവിലെമുതൽ ഇരുവരും മദ്യലഹരിയിലായിരുന്നു. സമയഹസ്തയുടെ ഫോണാണ് സനതനും ഉപയോഗിച്ചിരുന്നത്. തന്റെ വനിതാ സുഹൃത്തുമായി സമയഹസ്ത ഫേസ് ബുക്കും വാട്ട്സ് ആപ്പും വഴി ചാറ്റ് ചെയ്യുന്നത് മുമ്പ് സനതൻ വിലക്കിയിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതെ സമയഹസ്ത ചാറ്റിംഗ് പതിവാക്കി. ഞായറാഴ്ച രാത്രിയിൽ ഇഷ്ടികകമ്പനിയിലെ ഷെഡിനുള്ളിൽ കസേരയിലിരുന്ന് മൊബൈലിൽ ഗെയിമിൽ മുഴുകിയിരിക്കുകയായിരുന്ന സമയഹസ്തയെ പോക്കറ്റിൽ ഒളിപ്പിച്ചുകൊണ്ടുവന്ന പ്ളാസ്റ്റിക്ക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.