തുറവൂർ: കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അന്യ സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻതറ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (43) കോടതി റിമാൻഡ് ചെയ്തത്. തുറവൂർ - കുമ്പളങ്ങി റോഡിൽ തുറവൂർ മഹാക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയ്ക്കരികിലെ കടയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം.
തമിഴ്നാട് വിരുതാചലം സാത്തുക്കുടി മിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസാമി (51) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ പളനിവേൽ സ്ഥിരമായി കിടന്നുറങ്ങാറുള്ള കടത്തിണ്ണയിൽ തെങ്ങുകയറ്റ തൊഴിലാളിയായ ഉണ്ണികൃഷ്ണൻ കിടന്നുറങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പളനിവേലിനെ സഞ്ചിയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് വെട്ടിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, സമീപത്തുണ്ടായിരുന്ന അരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശിവപ്രസാദ് ബൈക്കിൽ പിന്തുടർന്ന് ടി.ഡി റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്തുവച്ച് കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ സംഭവം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പളനിവേലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.