മാന്നാർ: ടച്ചിങ്ങിന്റെ പേരിൽ എല്ലാ ആഴ്ചകളിലും മാന്നാറിലും പരിസരങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ടെങ്കിലും ടച്ചിംഗ് വെട്ട് മാത്രം നേരാംവണ്ണം നടക്കുന്നില്ല. എച്ച്.ടി ലൈനിലും എൽ.ടി ലൈനിലും വള്ളികൾ പടർന്നു നിൽക്കുന്നത് വൈദ്യുതി തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നു. കരാർ എടുക്കുന്നവർ ഭാഗികമായി മാത്രമാണ് ടച്ചിംഗ് വെട്ടൽ പ്രവൃത്തികൾ നടത്തുന്നതെന്നാണ് ആക്ഷേപം.
മാന്നാർ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഇരമത്തൂർ വഴിയമ്പലം ജംഗ്ഷന് പടിഞ്ഞാറുഭാഗത്ത് വൈദ്യുതി തൂണിൽ വള്ളികൾ പടർന്നു പന്തലിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഈ ഭാഗത്തെ റോഡിന്റെ വശങ്ങൾ കാടുകയറിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്.