ആലപ്പുഴ : നഗരവികസനത്തിന്റെ ഭാഗമായി വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച റോഡുകളുടെ ഇരുവശങ്ങളിലും ടൈൽപാകുന്ന ജോലികൾ ഇഴഞ്ഞു നീങ്ങുന്നതോടെ അപകടങ്ങൾ പതിവായി. മുല്ലയ്ക്കൽ ക്ഷേത്രത്തിന്റെ മുൻഭാഗത്തെ റോഡിൽ ക്ഷേത്രത്തിന്റെ സമീപത്ത് ടൈൽപാകൽ നടത്തിയിട്ടില്ലാത്തതിനാൽ ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസം അപകടങ്ങൾ വിളിച്ചുവരുത്തുന്നുമുണ്ട്.

റോഡിന്റെ പൊക്കതാഴ്ച കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും തടസമാണ്.

ഭീഷണിയായി റോഡരികുകൾ

1.മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയുമുള്ള റോഡുകളാണ് വൈറ്റ് ടോപ്പിംഗ് നടത്തിയത്

2.പുലയൻവഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ, സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു


3.കോൺക്രീറ്റിന്റെ ഇരുവശത്തുമുള്ള കാനയുടെ ഇടയിലുള്ള ഭാഗം കോൺക്രീറ്റിനോടൊപ്പം ഉയർത്തിയുള്ള നിർമ്മാണം എല്ലാ ഭാഗത്തും പൂർത്തീകരിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്

വൈറ്റ് ടോപ്പിംഗ് നടത്തിയ റോഡുകളുടെ ഇരുവശങ്ങളും ഗ്രാവലിട്ട് ഉയർത്തി അപകടം ഒഴിവാക്കണം

-മധു, പൊതുപ്രവർത്തകൻ, ആലപ്പുഴ