ആലപ്പുഴ : സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ വൈദ്യുതി കുടിശ്ശിക ഒഴിവാക്കിയ സർക്കാർ ഉത്തരവ് പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിന് ആശ്വാസമായി. സർക്കാരിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആഭ്യന്തര വകുപ്പ് എന്നിവയുടെ കുടിശ്ശിക ഒഴിവാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. തീരുമാനം ആശ്വാസകരമാണെങ്കിലും എത്ര തുക ഓട്ടോകാസ്റ്റിന് ഇളവ് ലഭിക്കുമെന്ന് വ്യക്തമല്ല.
1984ൽ ആരംഭിച്ച ഓട്ടോകാസ്റ്റ് 2023ആഗസ്റ്റ് വരെ പലിശയും പിഴപ്പലിശയുമുൾപ്പെടെ കെ.എസ്.ഇ.ബിയ്ക്ക് 100 കോടി രൂപ നൽകാനുണ്ട് . 2023 സെപ്തംബർ മുതൽ അതത് മാസത്തെ വൈദ്യുതി ചാർജ് ഒടുക്കിവരുന്നതിനാൽ പ്രതിമാസ കുടിശികയില്ല. വൈദ്യുതി കുടിശ്ശികയുടെ പേരിൽ കഴിഞ്ഞ മാസം കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയെങ്കിലും മന്ത്രി പി.രാജീവിന്റെ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
സോളാർ പ്ലാന്റിന് പുതുജീവൻ
1.കുടിശ്ശികയുടെ പേരിൽ കെ.എസ്.ഇ.ബി അനുമതി നിഷേധിച്ചിരുന്ന സോളാർ പവർ പ്ലാന്റിൽ വൈദ്യുതി ഉത്പാദനം തുടങ്ങാനാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓട്ടോകാസ്റ്റ് അധികൃതർ
2.പ്രതിദിനം 25,000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ വേണ്ടിവരുന്നത്. പ്രതിദിനം 12000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന രണ്ട് മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പവർ പ്ലാന്റാണ് 10മാസം മുമ്പ് സ്ഥാപിച്ചത്
3.ഓട്ടോകാസ്റ്റിന് പ്രതിദിനം ആവശ്യമായ വൈദ്യുതിയുടെ പകുതി ഇതിലൂടെ ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. വൈദ്യുതി ചാർജ് ഇനത്തിൽ 20 ലക്ഷത്തിന്റെ പ്രതിമാസലാഭവും പ്രതീക്ഷിച്ചു
4.പ്‌ളാന്റ് പ്രവർത്തിപ്പിച്ചിരുന്നെങ്കിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 6000 കുടുംബങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമായിരുന്നു.
10കോടി
സോളാർ പ്ലാന്റിന്റെ ചിലവ്
പഴയ വൈദ്യുതി കുടിശിക ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഫാക്ടറിയിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റിൽ വൈദ്യുതി ഉത്പാദനം തുടങ്ങാനാകും.
- അലക്‌സ് കണ്ണമല, ചെയർമാൻ, ഓട്ടോകാസ്റ്റ്