ആലപ്പുഴ: കാൽനടക്കാർക്ക് ഭീഷണിയായതോടെ ജില്ലാ കോടതിപ്പാലത്തിനോട് ചേർന്നുള്ള ഇരുമ്പ് നടപ്പാലം അടച്ചു. ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണ് നടപ്പാലത്തിന്റെ ഇരുവശങ്ങളും കെട്ടിയടച്ചത്. പാലത്തിലെ നടക്കുന്ന ഭാഗത്തെ ഇരുമ്പ് തകിട് ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. ഇത് അറിയാതെ,​ നഗരത്തിലെത്തുന്ന വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ പാലത്തിൽ കയറിനടക്കുന്നത് പതിവായിരുന്നു. ഇതുകൂടാതെ,​ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ പാലത്തിൽ കിടന്നുറങ്ങുന്നുതും യാചകർ താവളമാക്കുന്നതും പതിവായതോടെയാണ്

നഗരസഭ അധികൃതർ പാലം അടച്ചുപൂട്ടിയത്. അതേസമയം,​ ജില്ലാക്കോടതിപ്പാലവും

പരിസരവും പുനർനിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇരുമ്പ് നടപ്പാലം പുതുക്കിപ്പണിയുമെന്ന പ്രതീക്ഷയും വേണ്ട.

കാൽനടക്കാർക്ക് ഭീഷണി

1.കനാലുകളാൽ സമ്പന്നമായ ആലപ്പുഴ നഗരത്തിന്റെ അടയാളങ്ങളാണ് നടപ്പാലങ്ങൾ. ഏറെക്കാലത്തെ പരാതിക്കൊടുവിലാണ് ഇരുമ്പുപാലത്തോട് ചേർന്നുള്ള നടപ്പാലം അടുത്തിടെ പുനർനിർമ്മിക്കപ്പെട്ടത്

2.നഗരത്തിലെ നിരവധി നടപ്പാലങ്ങൾ ഇപ്പോഴും ഭീഷണി ഉയർത്തുന്നുണ്ട്. ഇതിൽ പ്രധാനമാണ് ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിന് എതിർവശത്തെ നടപ്പാലം. പാലത്തിന്റെ ഒരുവശത്തെ കൈവരി തകർന്ന നിലയിലാണ്

3. സ്കൂൾ കുട്ടികൾ ആശ്രയിക്കുന്ന, രാവിലെയും വൈകിട്ടും കുട്ടികൾ ധാരാളമായെത്തുന്ന ഈ പാലത്തിന്റേത് ഉൾപ്പടെയുള്ള വിവിധ പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും എങ്ങുമെത്തിയില്ല

4. കാലപ്പഴക്കമേറെയുള്ള ഗോവണിപ്പാലമടക്കം നഗരത്തിലെ വിവിധ പാലങ്ങൾ അധികൃതർ പരിശോധിച്ച് കാലതാമസമില്ലാതെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ജില്ലാകോടതിപാലത്തിന്റെ പുനർനിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭാഗത്താണ് നടപ്പാലമുള്ളത്. ടെണ്ടർ കഴിഞ്ഞ സ്ഥിതിക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും കാരണവശാൽ പ്രവൃത്തി നീണ്ടുപോയാൽ താത്കാലിക നടപ്പാലം പണിയുന്നത് ഉൾപ്പടെ പരിഗണിക്കും

- എം.ആർ.പ്രേം, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ