ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ അഭിമുഖ്യത്തിൽ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ആദ്യ വിൽപന നടത്തും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ സമ്മാനക്കൂപ്പൺ വിതരണം ചെയ്യും. സെപ്തംബർ 14 വരെയാണ് ഓണം ഖാദി മേള. ചുരിദാർ ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, വിവാഹ വസ്ത്രങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, ദോത്തികൾ, മെത്തകൾ, തേൻ, തേൻ ഉത്പ്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉത്പന്നങ്ങളും മേളയിൽ വിപണനം ചെയ്യും. ഖാദിക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് നൽകും. ഖാദി ഗ്രാമ സൗഭാഗ്യ കളക്ടറേറ്റ് റോഡ് ആലപ്പുഴ, ഖാദി ഗ്രാമ സൗഭാഗ്യ കാളികുളം ചേർത്തല, ഖാദി സൗഭാഗ്യ പുതിയിടം കായംകുളം, ഖാദി സൗഭാഗ്യ ചാരുംമൂട്, ഖാദി സൗഭാഗ്യ വെണ്മണി എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്.