ആലപ്പുഴ : നെഹ്റുട്രോഫി ജലമേളയുടെ പുതിയ തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം ജില്ലയിലെ മന്ത്രിമാർ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യോഗം ഓൺലൈനായി മാറിയതോടെ ആ പ്രതീക്ഷയും മങ്ങി. എൻ.ടി.ബി.ആർ സൊസൈറ്റി എന്ന് യോഗം ചേരുമെന്നത് സംബന്ധിച്ചും ധാരണയായിട്ടില്ല. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ജലമേള മാറ്റിവയ്ക്കുന്നത് വരെ ഓൺലൈനിൽ എട്ട് ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപ്പന നടന്നിരുന്നു. നൂറോളം സർക്കാർ ഓഫീസുകൾ വഴി നേരിട്ടും ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. പുതിയ തീയതി സംബന്ധിച്ച് ധാരണയായാൽ മാത്രമേ എത്രപേർ ടിക്കറ്റ് പിൻവലിച്ച് പണം തിരികെ ആവശ്യപ്പെടുമെന്നതിലും വ്യക്തതയുണ്ടാകുകയുള്ളൂ.
അഴിക്കേണ്ടി വരുമോ പവലിയൻ
പതിവിനേക്കാൾ വേഗത്തിലാണ് ഇത്തവണ പവലിയനുകളുടെ നിർമ്മാണം പുരോഗമിച്ചത്
90ശതമാനം നിർമ്മാണം പൂർത്തിയായ പവലിയൻ എത്രദിവസം അഴിക്കാതെ നിലനിർത്താനാകുമെന്നതും വിഷയമാണ്
മത്സരം മുമ്പ് നിശ്ചയിച്ചിരുന്ന ശനിയാഴ്ച്ച വരെ പന്തലുകളൊന്നും അഴിക്കില്ല
ട്രാക്ക് നിർമ്മിക്കാനായി സ്ഥാപിച്ച കുറ്റികളാണ് മറ്റൊരു പ്രതിസന്ധി
ഇവ മൂലം ഹൗസ് ബോട്ടുകൾക്ക് ഫിനിഷിംഗ് പോയിന്റ് ഭാഗത്ത് പാർക്ക് ചെയ്യാൻ സാധിക്കുന്നില്ല.