ആലപ്പുഴ: നഗരത്തിൽ തെരുവുനായ ആക്രമണം രൂക്ഷമാവുകയും, രണ്ട് നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ മേൽനോട്ടത്തിൽ നടത്തുന്ന നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്നാരംഭിക്കും. രാവിലെ 10ന് കൊമ്മാടി പാലത്തിന് സമീപമാണ് നായ്ക്കളെ പിടികൂടി കുത്തിവയ്പ്പെടുക്കുക. തുടർന്ന് പൂന്തോപ്പ്, തത്തംപള്ളി ഭാഗങ്ങളിലും പ്രതിരോധ സംഘമെത്തും. ഇതിന് മുന്നോടിയായി രാവിലെ 9.30ന് ആലപ്പുഴ ടൗൺഹാളിൽ ജില്ലാ വെറ്ററിനറി ഓഫീസറുടെ ക്ലാസുണ്ടാവും. എട്ട് നായ പിടുത്തക്കാർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നായ്ക്കളെ പിടികൂടുക. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരും, ആലപ്പുഴ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരും ഉൾപ്പടെ ഇരുപത്തിയഞ്ചംഗ സംഘമാണ് യജ്ഞത്തിൽ പ്രവർത്തിക്കുക. തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്ത വാർഡുകളിൽ കുത്തിവയ്പ്പ് പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച്ചയ്ക്കുള്ളിൽ 52 വാ‌ർഡിലും നടപടികൾ പൂർത്തിയാക്കും. കുത്തിവയ്പ്പെടുക്കുന്ന നായ്ക്കളെ ഫാബ്രിക് പെയിന്റ് കൊണ്ട് അടയാളപ്പെടുത്തും. ഇന്ന് ആരംഭിക്കുന്ന പ്രതിരോധ നടപടികൾക്ക് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ എം.ജി.സതീദേവി എന്നിവർ നേതൃത്വം നൽകും.