അമ്പലപ്പുഴ: വാടയ്ക്കൽ പ്രദേശത്തെ 20 കുടുംബങ്ങൾക്ക് പട്ടയം നൽകുമെന്ന് എച്ച് .സലാം എം. എൽ. എ പറഞ്ഞു. ആലപ്പുഴ നഗരസഭ ഭൂമി വാങ്ങിനൽകിയവരും വർഷങ്ങളായി സ്ഥിരതാമസക്കാരുമായ ആലപ്പുഴ വെസ്റ്റ് വില്ലേജിലെ 20 കുടുംബങ്ങൾക്കാണ് പട്ടയം ലഭ്യമാക്കുക. വാടയ്ക്കലിലെ 49 കുടുംബങ്ങൾക്ക് വർഷങ്ങളായി പട്ടയം ലഭിച്ചിരുന്നില്ല. ഇതിൽ 26 കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം പുന്നപ്രയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന വേദിയിൽ മന്ത്രി കെ. രാജൻ പങ്കെടുത്ത ചടങ്ങിൽ പട്ടയം നൽകിയിരുന്നു. അവശേഷിക്കുന്നവരിൽ 20 കുടുംബങ്ങൾക്കാണ് ഇപ്പോൾ പട്ടയം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.കളക്ടർ അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷനായി . നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ, സെക്രട്ടറി എ .എം. മുംതാസ്, തഹസീൽദാർ ആൽബെൻ ജോസഫ്, വില്ലേജ് ഓഫീസർമാർ എന്നിവരും എം.എൽ.എക്കൊപ്പം പങ്കെടുത്തു.