മാന്നാർ: ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മാന്നാർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 16 കുടുംബങ്ങൾക്ക് വീട് വക്കുന്നതിനായി ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പദ്ധതി പ്രകാരം മൂന്ന് സെന്റിന് രണ്ടരലക്ഷം രൂപ നിരക്കിൽ ഭൂമി ലഭ്യമാക്കി. ഭൂമി വാങ്ങിയ ഗുണഭോക്താക്കളെ നേരിട്ട് കാണാനും ഭൂമിയുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നതിനുമായി ലൈഫ് മിഷൻ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ ഇന്നലെ മാന്നാറിലെത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി.വി.രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പദ്ധതി അവലോകന യോഗം ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പൊൻസിനി ഉദ്ഘാടനം ചെയ്തു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഉദ്യോഗസ്ഥ നിഷ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ .ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സലിം പടിപ്പുരക്കൽ, സുജാത മനോഹരൻ, സജു തോമസ്, അജിത് പഴവൂർ, വി.ഇ.ഒ വിഷ്ണു എന്നിവർ സംസാരിച്ചു. വി.ഇ.ഒ മനോജ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ നന്ദിയും പറഞ്ഞു.