അമ്പലപ്പുഴ: തീരദേശ റോഡിൽ തെരുവുനായ ശല്ല്യം രൂക്ഷം. ഇറച്ചി വിൽപ്പന ശാലകളുടെ മുന്നിലും കടലോരത്തും തമ്പടിക്കുന്ന നായക്കൂട്ടങ്ങളാണ് രാപകൽ ഭേദമന്യേ യാത്രക്കാർക്ക് ഭീതി വിതക്കുന്നത്. പുറക്കാട്, അമ്പലപ്പുഴ തെക്ക് വടക്ക്, പുന്നപ്ര തെക്ക് വടക്ക് പഞ്ചായത്തുകളുടെ വിവിധ ഇടറോഡുകളിലും വഴികളിലുടെയും ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ ഇവ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. പുലർച്ചെ തീരദേശത്ത് മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളും നായക്കൂട്ടത്തെ ഭയന്നാണ് സഞ്ചരിക്കുന്നത്. റോഡിന്റെ നടുക്ക് തമ്പടിക്കുന്ന നായക്കൂട്ടത്തെ ശ്രദ്ധിക്കാതെ വരുന്ന ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്നതും നിത്യ സംഭവമായി. കഴിഞ്ഞ ദിവസം പുന്നപ്ര സെന്റ് ആഘോഷ്യസ് സ്കൂളിന് മുന്നിൽ വച്ച് സ്കൂട്ടറിന് മുന്നിൽ നായ ചാടി മുൻപഞ്ചായത്തഗം കെ.എഫ്. തോബിയാസിനു പരിക്കേറ്റിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരുവുനായ്ക്കൾക്ക് പേവിഷബാധ കുത്തിവയ്പ്പും വന്ധീകരണ നടപകടികളും നടത്താൻ കൂട്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.