ആലപ്പുഴ: നഗരത്തിൽ അക്രമകാരികളായ നായ്ക്കളെ വലയിലാക്കാൻ പരിശീലനം ലഭിച്ച സ്ഥിരം ഡോഗ് ക്യാച്ചേഴ്സിന്റെ സേവനം ഉറപ്പാക്കുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും, അടിയന്തര ഘട്ടത്തിൽ പ്രയോജനപ്പെടുവാനും സ്ഥിരം സംവിധാനം വേണമെന്ന് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.
നഗരസഭയിലെ സന്നദ്ധരായ അഞ്ച് കണ്ടിജന്റ് ജീവനക്കാർക്ക് പരിശീലനം നൽകും. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള നിയമനടപടികൾ ആലോചിക്കണമെന്ന് പല ജനപ്രതിനിധികളും ആവശ്യമുന്നയിച്ചെങ്കിലും, ഉടമസ്ഥനില്ലാത്ത തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാൻ നിയമതടസ്സമുണ്ടെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു വ്യക്തമാക്കി. എല്ലാ വർഷവും കൃത്യമായി ഒരേ മാസത്തിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണമെന്ന് അഡ്വ റീഗോ രാജുവും, മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യരാജും ആവശ്യപ്പെട്ടു. നഗരത്തിൽ പിടികൂടുന്ന നായ്ക്കളെ താൽക്കാലികമായി പാർപ്പിക്കാനുള്ള ഷെൽട്ടർ സംവിധാനവും പരിഗണിക്കണമെന്ന് ആവശ്യമുയർന്നു. ഇറച്ചികടകൾക്ക് സമീപം നായ്ക്കൾക്ക് അറവുമാലിന്യം നൽകുന്നതിനെതിരെ വ്യാപാരികൾക്ക് നോട്ടീസ് നൽകുമെന്ന് വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അറിയിച്ചു.പ്രതിരോധ വാക്സിൻ ഉത്പാദന കമ്പനികളുടെ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് കൗൺസിലർ ആർ.രമേഷ് വിമർശനമുന്നയിച്ചു. ഇവരാണ് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് ഫണ്ട് നൽകുന്നതെന്നും ആരോപിച്ചു.
വന്ധ്യംകരണത്തിൽ അപാകത
എ.ബി.സി പദ്ധതി വഴി വന്ധ്യംകരണം നടത്തിയ നായ പിന്നീട് നിരവധിത്തവണ പ്രസവിച്ചതായി കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു
വന്ധ്യംകരണ പദ്ധതി ഫലപ്രദമാണോയെന്ന് പരിശോധിക്കണം. പ്രതിരോധ വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച അവ്യക്തതകൾ നീങ്ങിയിട്ടില്ല. നായയുടെ കടിയേറ്റവർ പരാതി നൽകിയാൽ നഷ്ടപരിഹാരം നൽകേണ്ടത് നഗരസഭയാണ്
ടൂറിസം കേന്ദ്രം കൂടിയായ ആലപ്പുഴ പട്ടണത്തിലെ സ്ഥിതി വ്യക്തമാക്കി കൊണ്ട് വാക്സിനേഷൻ പദ്ധതിക്ക് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ സമർപ്പിക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു
ആൾത്താമസമില്ലാത്ത ഇടങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കൾക്ക് ഭക്ഷണവിതരണം നടത്തുന്നതിന് മൃഗസ്നേഹികളെ വിളിച്ചുകൂട്ടി യോഗം ചേരുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത വ്യക്തമാക്കി.
അനിമൽ വെൽഫയർ ബോർഡ് ഒഫ് ഇന്ത്യയുടെ പുതുക്കിയ മാനദണ്ഡപ്രകാരമുള്ള മാറ്റങ്ങളോടെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയാലുടൻ സീവ്യു വാർഡിലെ എ.ബി.സി സെന്ററിൽ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കും
-എ.എം.മുംതാസ്, നഗരസഭാ സെക്രട്ടറി