ചേർത്തല: വയനാടിന്റെ അതിജീവനത്തിന് കൈത്താങ്ങാകാൻ എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും കണിച്ചുകുളങ്ങര ദേവസ്വവും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും അണിനിരക്കും. യോഗത്തിന്റെ, വയനാടിന്റെ അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട സഹായമായി 66 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. എസ്.എൻ.ഡി.പി യോഗത്തിന്റെ 25 ലക്ഷം ഉൾപ്പെടെയുള്ള 66 ലക്ഷം രൂപ 10ന് വൈകിട്ട് 4ന് കണിച്ചുകുളങ്ങര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ഏറ്റുവാങ്ങും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
എസ്.എൻ ട്രസ്റ്റിന്റെ വകയായി 10ലക്ഷവും കണിച്ചുകുളങ്ങര ദേവസ്വം,എസ്.എൻ ട്രസ്റ്റ് ബോർഡംഗം സുരേഷ് സൗഗന്ധിക, ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ,പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ എന്നിവ 5 ലക്ഷം രൂപ വീതവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ 3 ലക്ഷവും ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, വൈക്കം ആശ്രമം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ,അടിമാലി എസ്.എൻ.ഡി.പി യോഗം ഹൈസ്കൂൾ എന്നിവ രണ്ടു ലക്ഷം രൂപയുമാണ് കൈമാറുന്നത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യഘട്ടസഹായമാണ് ഇതെന്നും തുടർസഹായം ഉണ്ടാകുമെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.