thh

ഹരിപ്പാട്: റോഡ് പൊളിഞ്ഞ് വെള്ളക്കെട്ടായിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. കുമാരപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ നാരകത്തറ - മണ്ണാറശാല റോഡിനാണ് ഈ ഗതി. ദേശീയപാതയിൽ നിന്നും വളരെ വേഗത്തിൽ മണ്ണാറശാലയിലേക്ക് എത്തിച്ചേരാവുന്ന റോഡ് കഴിഞ്ഞ 10 വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.

ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷനിൽ നിന്ന് മണ്ണാറശാലയിലേക്ക് പോകുന്നവരും ഈ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഹരിപ്പാട് നഗരസഭയുടെയും കുമാരപുരം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ഡാണാപ്പടി തോട് വെള്ളപ്പൊക്ക സമയത്ത് കരകവിഞ്ഞ് ഏഴാം വാർഡിന്റെ കിഴക്കൻ പ്രദേശമായ നാരകത്തറ -മണ്ണാറശാല റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആഴ്ചകളോളം വെള്ളം കെട്ടിനിൽക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന് സമീപം ഉണ്ടായിരുന്ന കുഴികൾ എല്ലാം നികത്തിയത് കാരണം മഴപെയ്താൽ വെള്ളം ഇരുവശങ്ങളിലേക്കും ഒഴുകി സമീപപ്രദേശങ്ങളിലെ വീടുകളിലും ഗ്രാമീണ റോഡുകളിലും വലിയ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.

അപകടത്തിൽപ്പെടുന്നവർ നിരവധി

1.നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാരാണ് ദിവസവും ഈ റോഡിലൂടെ സഞ്ചരിക്കുന്നത്

2.മണ്ണാറശാല നാഗരാജ ക്ഷേത്രം, മണ്ണാറശാല യുപി സ്കൂൾ, ഹരിപ്പാട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക മാർഗമാണിത്

3.റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് അറിയാതെ സൈക്കിൾ യാത്രക്കാരായ വിദ്യാർത്ഥികളും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നു

വർഷങ്ങളായി തകർന്നു കിടക്കുന്ന നാരകത്തറ - മണ്ണാറശാല റോഡ് അധികാരികൾ ഇടപെട്ട് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണം

- നാട്ടുകാർ