ആലപ്പുഴ : മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ നട്ടംതിരിയവേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശാദായ വിഹിതം വർദ്ധിപ്പിച്ചത് ഇരുട്ടടിയായി. ഓണം പടിവാതിലിൽ എത്തിയ സമയത്താണ് അംശാദായ വിഹിതം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളി ഒരുവർഷത്തേക്ക് 100രൂപ അടച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ 300രൂപയടക്കണം. അനുബന്ധ തൊഴിലാളികൾ പ്രതിമാസം അടച്ചിരുന്ന വിഹിതം20 രൂപയിൽ നിന്ന് 50ആയി ഉയർത്തി. സംസ്ഥാനത്ത് 2.5ലക്ഷം പരമ്പരാഗത മത്സ്യ തൊഴിലാളികളും ഒരു ലക്ഷത്തിൽ അധികം അനുബന്ധ തൊഴിലാളികളുമാണ് ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളത്.

2024 ഏപ്രിൽ ഒന്നുമുതൽ മുൻ കാലപ്രാബല്യത്തോടെ വർദ്ധനവ് നടപ്പിലാക്കാനാണ് ബോർഡിന്റെ നീക്കം. എതിർപ്പിനെ തുടർന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ 13ന് മത്സ്യതൊഴിലാളി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ വർദ്ധനവിനെ എതിർക്കാനാണ് ഭരണ-പ്രതിപക്ഷ യൂണിയൻ നേതാക്കളുടെ തീരുമാനം. എട്ട് വർഷം മുമ്പ് നിശ്ചയിച്ച നിരക്കാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്.

വള്ളങ്ങളുടെ രജിസ്ട്രേഷൻ ഫീസും കൂട്ടി

1.സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത യാനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ പുറത്ത് നിന്നുള്ള യാനങ്ങളുടെ ഫീസ് വർദ്ധിപ്പിക്കാത്തത് അന്യസംസ്ഥാന ലോബികളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്.

2.നിരക്ക് പുതുക്കിയതോടെ മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ 9മാസക്കാലം പ്രതിമാസം 25രൂപ വിഹിതം അടക്കണം. വർഷത്തിൽ 120രൂപ അടച്ചിരുന്നിടത്ത് ഇപ്പോൾ 225രൂപ വേണ്ടിവരും

3.യന്ത്രവത്കൃത യാനങ്ങൾക്ക് നീളത്തിന്റെ അടിസ്ഥാനത്തിൽ 300മുതൽ 1250രൂപ വരെ അടയ്ക്കണം. സംസ്ഥാനത്തിന് പുറത്ത് രജിസ്ട്രേഷൻ നടത്തിയ ഇൻബോർഡ് വള്ളങ്ങൾ മാസം 1500രൂപ വീതം 9മാസം അടക്കേണ്ടിവരും

4. നേരത്തെ ഇത് 1000രൂപയായിരുന്നു.ചീനവലക്കാരുടെ 10രൂപ വിഹിതം 30രൂപയായി ഉയർത്തി . വരുമാനക്കുറവുള്ള മൂന്ന് മാസങ്ങളിൽ വിഹിതം അടയ്ക്കേണ്ട

ആനുകൂല്യങ്ങൾ മുടങ്ങി

നാല് മാസമായി മത്സ്യത്തൊഴിലാളി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. വിവാഹ ധനസഹായം, സ്കോളർഷിപ്പ്, മരണാനന്തര സഹായം, ചികിത്സാസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പൂർണ്ണമായും മുടങ്ങി . കരുണാകരൻ മന്ത്രിസഭയാണ് 1987 ഫെബ്രുവരിയിൽ ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. അന്ന് 35രൂപയായിരുന്ന അംശാദായം ഇന്ന് 300ൽ എത്തി. വള്ളം, ബോട്ട് ഉടമകൾ രജിസ്ട്രേഷൻ ഫീസിന്റെ നിശ്ചിത തുക ക്ഷേമനിധിയിൽ അടക്കണം. ഇൻഷ്വറൻസ് പ്രീമിയം ബോർഡാണ് അടക്കുന്നത്.

മുമ്പ് അടച്ചിരുന്നത് : 100

പുതുക്കിയ തുക : 300

അംശാദയ വിഹിതം 100ൽ നിന്ന് 300രൂപയായി വർദ്ധിപ്പിച്ചത് പുനഃപരിശോധിക്കണം. മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം.

- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ


"കാലാവസ്ഥാ വ്യതിയാനം, മത്സ്യദൗർലഭ്യം, ഇന്ധന വിലവർദ്ധനവ് എന്നിവയെത്തുടർന്ന് പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളെ വീണ്ടും കുഴപ്പിക്കുന്നതാണ് ക്ഷേമനിധി വിഹിതവും ലൈസൻസ് ഫീസും വർദ്ധിപ്പിച്ചത്

- തോമസ് ജോസഫ്, മുൻ നഗരസഭാ ചെയർമാൻ