ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾ മത്സ്യഗ്രാമം പദ്ധതിക്കായി ഏറ്റടുത്തത്തിന്റെ അവലോകനം ഹരിപ്പാട് മുൻസിപ്പൽ ഹാളിൽ ചേർന്നു. ആറാട്ടുപ്പഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അദ്ധ്യക്ഷത വഹിച്ച യോഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ് മാതൃക മത്സ്യഗ്രാമം പദ്ധതി. ആറാട്ടുപുഴ പഞ്ചായത്തിലെ 5 വാർഡുകളാണ് മാതൃകാ മത്സ്യഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത് . 6.19 കോടി രൂപയാണ് അടങ്കലായി പദ്ധതിക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുമത്സ്യകൃഷി, അലങ്കാരമത്സ്യ ഉത്പാദന കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ്, ഫിഷർമെൻ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്റർ, ബോട്ട് ജെട്ടി, ഐസ് ബോക്സ് 500 എണ്ണം സോളാർ ഡ്രെയർ വനിതാ മത്സ്യതൊഴിലാളികൾക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. ഫിഷറീസ് ഡി.ഡി ബെന്നി വില്യംസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ. മൻസൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, പഞ്ചായത്ത് മെമ്പർമാരായ പ്രസീദാസുധീർ,മൈമൂനത്ത്, മത്സ്യഫെഡ് മാനേജർ ഷാനവാസ്, തീരദേശ വികസന കോർപറേഷൻ റീജണൽ മാനേജർ രമേശ്, ആറാട്ടുപുഴ പഞ്ചായത്ത് അസി. സെക്രട്ടറി സിന്ധു.ആർ. ദാസ് എന്നിവർ പങ്കെടുത്തു.