ഹരിപ്പാട് : അപ്പർ കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങൾ ഉൾപ്പെടുന്ന കാർഷിക മേഖലക്ക്, ഉണർവേകുന്ന ഹരിതം ഹരിപ്പാട് പദ്ധതിക്ക് 7 കോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പള്ളിപ്പാട്,ഹരിപ്പാട്, ചെറുതന, കരുവാറ്റ, എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങൾ, ഓണാട്ടുകര പ്രദേശത്തെ ഇരുപ്പു നിലങ്ങളിൽ എള്ള് കൃഷിക്ക് പ്രാതിനിധ്യം നല്കിയും തൃക്കുന്നപ്പുഴ, കുമാരപുരം, കാർത്തികപ്പള്ളി,ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിൽ സമഗ്ര കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിശാലമായ പദ്ധതി ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഹരിതം ഹരിപ്പാട് പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനയോഗം ഹരിപ്പാട് മുൻസിപ്പൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിതം ഹരിപ്പാട് ഒന്നാം ഘട്ടം നാല് കോടി പത്ത് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. അതിന്റെ പൂർത്തീകരണത്തിന് കെ.എൽ.ഡി.സി പോലെയുള്ള ഏജൻസികൾ വരുത്തിയ വീഴ്ചയും അദ്ദേഹം വിമർശിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോൺ തോമസ്, എ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് വെങ്ങാലി, ഹരിപ്പാട് നഗരസഭയുടെ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, ഹരിപ്പാട് നഗരസഭാ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിർമ്മലകുമാരി, എസ്. നാഗദാസ്, മിനി സാറാമ്മ, എന്നിവർ പങ്കെടുത്തു.