ആലപ്പുഴ : മണ്ണിന്റെ ലഭ്യതക്കുറവ് ദേശീയ പാത നിർമ്മാണത്തിന് പ്രതിസന്ധിയായതോടെ തുറവൂർ - പറവൂർ റീച്ചിൽ നിർമ്മാണം ഇഴയുന്നു. 30ശതമാനം നിർമ്മാണ ജോലികൾ മാത്രമാണ് ഇവിടെ പൂർത്തിയായത്. കരാർ 2026വരെ നീട്ടിയെങ്കിലും നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കടമ്പകളനവധിയാണ്.
ജില്ലയിലെ റീച്ചുകളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് 39 കി.മീറ്റർ വരുന്ന തുറവൂർ- പറവൂർ റീച്ച്. ദേശീയപാത മുറിച്ച് കടന്നുപോകുന്ന ചെറുതുംവലുതുമായ ഒന്നര ഡസനിലധികം പാലങ്ങൾ ഇവിടെ പൂർത്തിയാക്കേണ്ടതുണ്ട്. പാലം നിർമ്മാണത്തിന്റെ 20 ശതമാനം ജോലികളാണ് ഇതുവരെ പൂർത്തീകരിച്ചത്. കഞ്ഞിക്കുഴിയിലെ പാലമൊഴികെ എല്ലാ പാലങ്ങളും ദേശീയ പാത അതോറിട്ടിയാണ് നിർമ്മിക്കുന്നത്. കഞ്ഞിക്കുഴി പാലത്തിന് 33 കോടി രൂപ സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ഇതിന്റെ പണത്തിന് പുറമേ തങ്കിപ്പാലം, പൊന്നാംവെളി പാലം തുടങ്ങിയവയുടെ നിർമ്മാണത്തിന് ഇൻലാന്റ് നാവിഗേഷൻ അതോറിട്ടിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും ലഭ്യമാകണം. പാലങ്ങൾക്കൊപ്പം അപ്രോച്ച് റോഡും സർവീസ് റോഡുകളും പൂർത്തിയാക്കിയാലേ നിലവിൽ ഗതാഗതം നടത്തുന്ന റോഡുകൾ കൂടി പൊളിച്ചുപണിഞ്ഞ് ആറുവരിപ്പാത യാഥാർത്ഥ്യമാക്കാനാകൂ. കളർകോട് - കൊമ്മാടി ബൈപ്പാസ് 80 ശതമാനം
പൂർത്തീകരിച്ചതാണ് ആശ്വാസം.
മണ്ണ് കിട്ടാത്തത് വെല്ലുവിളി
1. മണ്ണിനായി നൽകിയ അപേക്ഷകളിൽ മൈനിംഗ് ആൻഡ് ജിയോളജിയിൽ നിന്ന് അനുകൂല നിലപാടുണ്ടാകുന്നില്ലെന്ന് കരാർ കമ്പനി
2. ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകൾ തുടരുകയും വയനാട് ദുരന്തത്തെ തുടർന്ന് നടപടികൾ കടുപ്പിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ വെല്ലുവിളി
3.19 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് തുറവൂർ- പറവൂർ റീച്ചിന് ആവശ്യം. വേമ്പനാട്ട് കായൽ ഖനനം ചെയ്താൽ ഇതിൽ 80 ശതമാനം മണ്ണും ലഭിക്കുമെന്നിരിക്കെ ഖനന നടപടികളും നീളും
4. മഴ മാറുന്നതിന് പിന്നാലെ ഖനനം ആരംഭിക്കാനായാൽ അടുത്ത കാലവർഷത്തിന് മുമ്പ് മണ്ണിടീൽ ജോലികൾ പൂർത്തിയാക്കാനാകും. 5.ഖനനത്തെ തുടർന്ന് കായലിന് ആഴം കൂടുമ്പോൾ കുട്ടനാട്ടിൽപരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കരുതൽ നടപടികളും സ്വീകരിക്കണം
തുറവൂർ- പറവൂർ റീച്ചിന്റെ ദൈർഘ്യം
39 കി.മീ
മണ്ണ് ക്ഷാമത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. മണ്ണ് ലഭ്യമായാൽ പണികൾ വേഗത്തിൽ പൂർത്തീകരിക്കാനാകും. നിലവിൽ 30 ശതമാനം ജോലികളാണ് പൂർത്തിയായത്
- പ്രോജക്ട് എൻജിനീയർ, പറവൂർ- തുറവൂർ റീച്ച്