ആലപ്പുഴ : പ്ലസ് വൺ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനിടെ സഹപാഠിക്ക് നേരെ വിദ്യാർത്ഥി എയർ ഗൺ ഉപയോഗിച്ച് വെടിവച്ചില്ലെന്ന് കണ്ടെത്തി. ഗണ്ണുകൊണ്ട് അടിക്കുക മാത്രമാണുണ്ടായതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. സഹപാഠിയുടെ പക്കലുണ്ടായിരുനന് എയർഗൺ ഉപയോഗശൂന്യമായതാണെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.
കാഞ്ചിവലിച്ചാൽ പെല്ലറ്റ് പുറത്തേക്ക് വരാത്ത തരത്തിലുള്ളതാണ് ഗൺ. സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിയുടെ അമ്മാവനായ കളർകോട് സ്വദേശിയുടേതാണ് ഇത്. ഇയാൾ അടിപിടിയടക്കം ആറുകേസുകളിലെ പ്രതിയാണ്. എയർഗണ്ണിന് അടിച്ചുവെന്നുള്ള കുട്ടിയുടെ മൊഴി വെടിവെച്ചെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നാണ് വിവരം. വിശദമായ മൊഴിയെടുപ്പിലാണ് വെടിവച്ചില്ലെന്നും തല്ലിയതേയുള്ളൂവെന്നും മൊഴി നൽകിയത്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എയർഗണ്ണും കത്തിയും കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. നഗരത്തിലെ സ്‌കൂളിന് സമീപത്തെ റോഡരികിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് സഹപാഠികളിലൊരാൾക്കുനേരെ വിദ്യാർത്ഥി എയർഗൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ചീത്തവിളിയുമായ ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സ്കൂളിൽ നിന്ന് നിലവിൽ സസ്പെൻഷനിലുള്ള മറ്റു രണ്ടുകുട്ടികളും
സംഭവത്തിൽ പങ്കാളികളാണ്. വിദ്യാർത്ഥികളുടെ സാമൂഹ്യപശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കി പൊലീസ് ജുവനൈൽ കോടതിയിൽ സമർപ്പിക്കും.
പെല്ലറ്റ് കുടുങ്ങി ഉപയോഗശൂന്യമായതാണ് എയർഗണ്ണെന്നാണ് പ്രാഥമികപരിശോധനയിൽ മനസിലായത്. അടുത്തകാലത്ത് ഇതിൽനിന്ന് വെടിപൊട്ടിയോയെന്ന് തിരിച്ചറിയാൻ ബാലിസ്റ്റിക് പരിശോധന നടത്തും
-എം.ആർ.മധുബാബു, ആലപ്പുഴ ഡിവൈ.എസ്.പി