ആലപ്പുഴ : ടൂറിസം മേഖലയ്ക്ക് ഉണർവ് പകരും വിധം ബ്രൗസ്ട്രിംഗ് ആർച്ചോടുകൂടിയുള്ള പുന്നമട പാലത്തിന്റെ നിർമ്മാണം സെപ്തംബറിൽ ആരംഭിക്കും. നെഹ്രു ട്രോഫി, പുന്നമട പ്രദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് പുന്നമട പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ യാഥാർത്ഥ്യമാകുക.
ഇന്നലെ പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ കെ.ആർ.എസ്.ബി, യു.എൽ.സി.സി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണം. 384 മീറ്റർ നീളത്തിലുള്ള പാലത്തിൽ 72 മീറ്റർ സ്പാനിലാണ് ബ്രൗസ്ട്രിംഗ് ആർച്ച്. കായലിലൂടെയുള്ള യാത്രാ-ടൂറിസം ബോട്ടുകളുടെ നീക്കങ്ങളെ തടസപ്പെടുത്താതിരിക്കാൻ കായലിൽ തൂണുകൾ വരാത്ത നിലയിലാണ് നിർമ്മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് കരാർ. പുന്നമടഭാഗത്ത് 53 മീറ്ററും നെഹ്രുട്രോഫി ഭാഗത്ത് 57 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡും ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാവും.
പുന്നമടപാലം
അടങ്കൽ തുക: 57.40കോടി
നീളം: 384മീറ്റർ
അപ്രോച്ച് റോഡ്
പുന്നമടഭാഗം: 53മീറ്റർ
നെഹ്രുട്രോഫി ഭാഗം: 57മീറ്റർ
സർവേ ഈ ആഴ്ച ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും
-പി.പി.ചിത്തരഞ്ജൻ എം.എൽ.എ