മാന്നാർ: 15 വർഷം മുമ്പ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ റിമാൻഡിലുള്ള പ്രതികൾ ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് മുതൽ നാല് വരെ പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനു ഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവർ സമർപ്പിച്ച ജാമ്യ ഹർജിയാണ് ജില്ലാ ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ തള്ളിയത്.
ഇസ്രയേലിലുള്ള അനിൽ കുമാറിനെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കോടതിയെ അറിയിച്ച പൊലീസ് റിമാന്റിലുള്ള പ്രതികൾക്കു ജാമ്യം നൽകരുതെന്നറിയിച്ച് റിപ്പോർട്ട് നൽകിയിരുന്നു. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. കല ജീവനോടെയുണ്ടോ അതോ മരിച്ചോ എന്നു പോലും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷക വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വേണുവും പ്രതികൾക്കായി അപർണ സി.മേനോനുമാണ് കോടതിയിൽ ഹാജരായത്. കൊലപാതകക്കുറ്റത്തിനു പുറമേ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും പൊലീസ് കേസ് ചുമത്തിയിട്ടുണ്ട്. ജൂലായ് രണ്ടിനാണ് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.