ആലപ്പുഴ: അനാഥരായ ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിന് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പതിറ്റാണ്ടുകളായി ആലിശേരിയിൽ പ്രവർത്തിച്ചുവന്ന സംരക്ഷണ സദനം പൂട്ടിക്കെട്ടി. ഏക അന്തേവാസിയായ തമിഴ്നാട് സ്വദേശിയായ സംസാരശേഷിയില്ലാത്ത കുട്ടിയെ അവിടത്തെ സർക്കാരിന് കൈമാറിയശേഷമാണ് സ്ഥാപനം അടച്ചുപൂട്ടിയത്.

ബാലഭിന്നശേഷി സദനം പ്രവർത്തിച്ചിരുന്ന നഗരസഭയുടെ കെട്ടിടവും സ്ഥലവും, വിസയില്ലാതെ പിടിക്കപ്പെടുന്ന വിദേശികളായ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രമായ ട്രാൻസിറ്റ് സെന്ററാക്കും. ഹൈക്കോടതി നിർദേശപ്രകാരം ആരംഭിക്കുന്ന സെന്ററിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. അനാഥരായ ഭിന്നശേഷി കുട്ടികൾക്ക് താമസിക്കാനും വിദ്യാഭ്യാസത്തിനുമായി

വർഷങ്ങൾക്ക് മുമ്പാണ് സംരക്ഷണ സദനം ആരംഭിച്ചത്. ഏതാനും വർഷം മുമ്പ് വരെ ഒരു ഡസനോളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ കുറച്ച് കാലമായി എണ്ണത്തിൽ വലിയ കുറവുണ്ടായതായി സാമൂഹ്യ നീതി വകുപ്പ് പറയുന്നു.

സൂപ്രണ്ട്, ആയ, കുക്ക്, ഓഫീസ് അറ്റൻഡർ എന്നീ ജീവനക്കാരുമുണ്ടായിരുന്നു. ഇവരെ പുനർ വിന്യസിച്ചശേഷമാണ് സ്ഥാപനം പൂട്ടിയത്. വിദേശ പൗരൻമാരായ പുരുഷൻമാർക്കുള്ള ട്രാൻസിറ്റ് ഹോം കൊല്ലത്ത് പ്രവർത്തിക്കുന്നുണ്ട്.

ഇനി ട്രാൻസിറ്റ് സെന്റർ

 ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ട്രാൻസിറ്റ് ഹോം ആരംഭിച്ചത്. വിസ,പാസ്‌പോർട്ട് കാലാവധി തീർന്ന ശേഷവും ഇന്ത്യയിൽ തുടരുന്ന വിദേശസ്ത്രീകളെയും കുട്ടികളെയും രാജ്യംവിടുംവരെ ഇവിടെ നിരീക്ഷണത്തിൽ പാർപ്പിക്കും. കേന്ദ്രസർക്കാരിന്റെ ചട്ടപ്രകാരമാണ് പ്രവർത്തനം

 ഹോം മാനേജർ, സെക്യൂരിറ്റി ചീഫ്, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാരുണ്ടാവും. പ്രധാന കെട്ടിടത്തിനൊപ്പം 500 ചതുരശ്ര അടി ഔട്ട് ഹൗസ്, ഭക്ഷണശാല, വ്യായാമത്തിനും മറ്റ് വിനോദങ്ങൾക്കുമുള്ള സൗകര്യം, ടോയ് ലറ്ര് സംവിധാനം എന്നിവയും സജ്ജമാക്കണം

18 വയസിൽ താഴെയുളള കുട്ടികളെ മാതാപിതാക്കൾക്കൊപ്പം പാർപ്പിക്കണമെന്നാണ് നിർദ്ദേശം. ഒരേ സമയം 25 പേർക്ക് കഴിയാവുന്ന ഡോർമെട്രി മാതൃകയിലാണ് കേന്ദ്രം പ്രവർത്തിക്കുക. പൊലീസ് സംരക്ഷണവുമുണ്ടാകും. പൊലീസുകാർക്കുള്ള വിശ്രമമുറിയും സജ്ജമാക്കണം

 ട്രാൻസിറ്റ് സെന്ററാക്കുന്നതിന് മുന്നോടിയായി കെട്ടിടത്തിന്റെ രൂപമാറ്റത്തിനും നവീകരണത്തിനുമായി 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, പെയിന്റിംഗ് ജോലികളും നവീകരണ പ്രവർത്തികളും ടെണ്ടർ ചെയ്തു കഴിഞ്ഞു

ബാല ഭിന്നശേഷി സദനം രഹസ്യമായി പൂട്ടിക്കെട്ടിയ നടപടി സാമൂഹ്യ നീതി വകുപ്പ് പുനപരിശോധിക്കണം. സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കാൻ ഭിന്നശേഷി കമ്മിഷനും സർക്കാരും പരിശ്രമിക്കുമ്പോൾ സ്ഥാപനം പൂട്ടിയത് പ്രതിഷേധാർഹമാണ്

- ചന്ദ്രദാസ് കേശവപിള്ള. സാമൂഹ്യ പ്രവർത്തകൻ

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നത്. ഒരു ഭിന്നശേഷി കുട്ടിമാത്രമാണ് കഴിഞ്ഞവർഷം ഇവിടെ ഉണ്ടായിരുന്നത്.

-ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ആലപ്പുഴ