ആലപ്പുഴ : കാടുംപടർപ്പും നീക്കി വൃത്തിയാക്കിയ വാടക്കനാലും വാണിജ്യക്കനാലും ഇനി നഗരത്തിന്റെ പൂഞ്ചോലകളാകും. ജില്ലാ ഭരണകൂടവും നഗരസഭയും മുസിരിസ് പദ്ധതിപ്രകാരം നടപ്പാക്കുന്ന നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി റെസിഡന്റ്സ് അസോസിയേഷനുകളുടെയും നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ്, പുല്ലുവെട്ടി വൃത്തിയാക്കിയ കനാൽക്കരകളിൽ പൂന്തോട്ടമൊരുക്കുക.
സന്നദ്ധരായെത്തുന്നവരുടെ ആവശ്യപ്രകാരം നൂറ് മുതൽ അഞ്ഞൂറ് മീറ്റർ വരെ ചെറുപ്രദേശങ്ങളാക്കി തിരിച്ച് കൈമാറും. മുസിരിസ് പദ്ധതി നിർദേശിക്കുന്ന മാനദണ്‌ഡങ്ങൾക്ക് വിധേയമായി തയ്യാറാക്കുന്ന ഡിസൈനിൽ നാടൻ പൂച്ചെടികൾ നട്ടുവളർത്തി പൂന്തോട്ടങ്ങളാക്കി മാറ്റുന്നതാണ് അടുത്ത ഘട്ടം. കനാൽക്കരകൾ പൂന്തോട്ടങ്ങളാക്കി മാറ്റുന്നതിന് പിന്നാലെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ശിക്കാര വള്ളങ്ങളിൽ സവാരിക്ക് അവസരം നൽകും. ആലപ്പുഴയുടെ ഗതകാല വാണിജ്യപ്പെരുമയും ചരിത്രവും ലഘുലേഖകളാക്കി പ്രചരിപ്പിക്കും.
വെള്ളവും വൈദ്യുതിയും നൽകും
1.പൂന്തോട്ടത്തിനാവശ്യമായ വൈദ്യുതിയും വെള്ളവും നഗരസഭ സ്പോൺസർ ചെയ്യും
2.മണ്ണൊലിപ്പ് തടയുന്നതിന് കനാൽക്കരകളെ കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കും
3.കയർകോർപ്പറേഷനും കയർഫെഡുമുൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകും
4.റെസിഡന്റ്സ് അസോസിയേഷനുകളും സ്വകാര്യവ്യക്തികളും സഹകരിക്കും
നഗരത്തിലും കനാലുകളിലും ഉണ്ടായ മാറ്റങ്ങൾ നമുക്ക് ഓരോരുത്തർക്കും കാണാനാകും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ടും നഗരസഭയും വിവിധ വ്യവസായ സ്ഥാപനങ്ങളും ശുചീകരണ തൊഴിലാളികളുമുൾപ്പെടെ നിരവധി പേരുടെ കഠിനാദ്ധ്വാനത്താലാണ് ശുചീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
കനാലുകളെയും നഗരത്തേയും പഴയ ശോചനീയാവസ്ഥയിലേക്ക് തള്ളി വിടാതിരിക്കാൻ ഓരോരുത്തരുടേയും പിന്തുണയാണ് ആവശ്യം
- അലക്സ് വർഗീസ് , ജില്ലാ കളക്ടർ
(ഫേസ് ബുക്ക് കുറിപ്പിൽ നിന്ന് )
-