ആലപ്പുഴ : ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ കുട്ടികളെ തുടർപഠനത്തിൽ സഹായിക്കാൻ മാവേലിക്കര താലൂക്കിലെ സ്‌കൂളുകളും ജോയിന്റ് ആർ.ടി.ഒ ഓഫീസും കൈകോർത്ത് ഒരുക്കിയ 'വിദ്യാവാഹനം @ കെ.എൽ 31'പദ്ധതി ശ്രദ്ധേയമാകുന്നു. താലൂക്കിലെ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്നും കഴിയുന്നത്ര പഠനോപകരണങ്ങൾ സമാഹരിച്ച് ദുരിതബാധിതരായ കുട്ടികൾക്ക് എത്തിക്കുന്നതാണ് പദ്ധതി.
ആവശ്യത്തിന് കിറ്റുകളാകുന്നതോടെ വയനാട്ടിലേക്ക് ലോഡുമായി വാഹനം അയക്കും. സ്‌കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ്, വാട്ടർ ബോട്ടിൽ, പെൻസിൽ, പേന,കുട എന്നിവയടങ്ങിയ കിറ്റുകളാണ് സജ്ജമാക്കുക. വിദ്യാവാഹൻ കെ.എൽ 31 എന്ന പേരിൽ മാവേലിക്കരയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും താലൂക്കിലെ വിദ്യാലയങ്ങളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുണ്ട്. പല വിദ്യാലയങ്ങളും സാധനങ്ങൾ സമാഹരിച്ച ശേഷം, വയനാട്ടിൽ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് പങ്കുവച്ചതോടെയാണ് ഗ്രൂപ്പിലെ നൂറോളം സ്കൂളുകളെ പങ്കാളികളാക്കി ബൃഹത് പദ്ധതി ആവിഷ്ക്കരിക്കാമെന്ന് ഉദ്യോഗസ്ഥർ ചിന്തിച്ചത്. കഴിഞ്ഞ ദിവസം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് ദുരന്തം കവർന്ന ചൂരൽമല വെള്ളാർമല സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണനെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
ധനസഹായം സ്വീകരിക്കില്ല
വാട്സാപ്പ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥർ അറിയിപ്പിട്ടതുമുതൽ വിവിധ സ്കൂളുകളിൽ നിന്ന് സഹായപ്രവാഹമാണ്. ഒരു വിദ്യാലയത്തിൽ നിന്ന് നൽകിയ 50 കിറ്റുകളിൽ വിദ്യാർത്ഥികൾ വയനാട്ടിലെ അവർക്കറിയാത്ത കൂട്ടുകാർക്കായി ആശ്വാസക്കുറിപ്പുകളും കൈമാറിയിട്ടുണ്ട്. സംരംഭത്തിലേക്ക് ധനസഹായങ്ങൾ സ്വീകരിക്കുന്നതല്ല.
പദ്ധതിയുമായി സഹകരിക്കാൻ
സജു.പി.ചന്ദ്രൻ (എ.എം.വി.ഐ) : 9446778523
പ്രസന്നകുമാർ (എ.എം.വി.ഐ) : 8593826856
'വിദ്യാവാഹനം@ കെ.എൽ 31' എന്ന പേരിൽ തുടങ്ങിവച്ച ചെറിയൊരു കൈത്താങ്ങ് അനേകം കുരുന്നുകളുടെ മനസ്സിൽ പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിറഞ്ഞുനിൽക്കും
- എം.ജി.മനോജ്, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ