ആലപ്പുഴ: തോട്ടപ്പള്ളിയിൽ മണൽഖനനം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീണുൾപ്പെടെ 16 പ്രവർത്തകരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെ തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപത്തെ കുട്ടികളുടെ പാർക്കിനോട് ചേർന്ന ഭാഗത്ത് മണൽകയറ്റാനെത്തിയ ടിപ്പറുകൾ തടഞ്ഞതിനാണ് അറസ്റ്റ്.
മണൽ ഖനനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഐ.ആർ.ഇ ഹൈക്കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടയാൻ ശ്രമിച്ചവരെ പൊലീസ് കരുതൽ അറസ്റ്റ് നടത്തി നീക്കം ചെയ്തത്. മണൽഖനനത്തിനെതിരെ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ഡി.സി.സി സെക്രട്ടറി എസ്. സുബാഹു ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്രി പ്രസിഡന്റ് ടി.എ ഹമീദ്, തോട്ടപ്പള്ളി മണ്ഡലം പ്രസിഡന്റ് സിനോ വിജയരാജ്, ഡി.സി.സി അംഗം എം.എച്ച് വിജയൻ,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.വി രഘു, പഞ്ചായത്തംഗങ്ങളായ രാജേശ്വരികൃഷ്ണൻ, പ്രസന്ന കുഞ്ഞുമോൻ, മുൻ പഞ്ചായത്തംഗം ടി.പി മിജി തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്ര് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിലെത്തിയിരുന്നു.