ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ 22ന് ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ രാവിലെ 8.30ന് അദാലത്ത് നടക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും, സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിയിലും തദ്ദേശസ്വയംഭരണ ഓഫീസുകളിലും തീർപ്പാക്കാത്ത പൊതുജന പരാതികൾ, പുതിയ പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക. adalat.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ തദ്ദേശസ്ഥാപനങ്ങളിൽ നേരിട്ടോ പരാതികൾ നൽകാം. ഓൺലൈൻ അപേക്ഷ 17വരെ നൽകാം. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതി നൽകാം. എന്നാൽ,​ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ,​
സർക്കാർ ജീവനകാര്യം,​ അതിദാരിദ്ര്യപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പരാതികൾ എന്നിവ പരിഗണിക്കില്ല.


സംഘാടക സമിതിയായി

ആലപ്പുഴ: മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ 22ന് നടക്കുന്ന തദ്ദേശ അദാലത്തിന് സംഘാടക സമിതിയായി. ജില്ല പഞ്ചായത്ത് ഹാളിൽ ചേർന്ന രൂപീകരണ യോഗം എച്ച്.സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, സെക്രട്ടറി ആർ.ദേവദാസ്,എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർ മുഖ്യരക്ഷാധികാരികളും എം.പിമാരും എം.എൽ.എമാരും രക്ഷാധികാരികളും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ വൈസ് ചെയർപേഴ്സണുമാകും. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിനു ജോൺ കൺവീനറാകും. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.