ആലപ്പുഴ: നഗരത്തിലെ സ്കൂളിൽ വിദ്യാർത്ഥി സഹപാഠിയെ എയർ ഗൺ കൊണ്ടടിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ ഹയർ സെക്കൻഡറി വകുപ്പിന് വിശദമായ റിപ്പോർട്ട് കൈമാറി. വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരിക്കും വിദ്യാർത്ഥികൾക്ക് ഇതേ സ്കൂളിൽ തുടരാനാകുമോയെന്നും പഠിക്കാനും, പരീക്ഷയെഴുതാനും ബദൽ സംവിധാനം ഒരുക്കുമോയെന്നും തീരുമാനമെടുക്കുക. ഹയർ സെക്കൻഡറി വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ സ്‌കൂൾ സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അതുംകൂടി പരിഗണിച്ചായിരിക്കും തുടർ നടപടി. എയർ ഗണ്ണുപയോഗിച്ച വിദ്യാർത്ഥിക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്കൂളിലെ മറ്റ് രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലയളവ് അവസാനിക്കുന്ന ദിവസമാണ് പുതിയ കേസുണ്ടായത്.
വിദ്യാർത്ഥികളെ തിരികെ ക്ലാസിൽ കയറാൻ അനുവദിക്കുന്നതിൽ അടുത്തദിവസം സ്കൂൾ അധികൃതർ യോഗം ചേരാനിരിക്കുകയായിരുന്നു. എയർ ഗൺ വിഷയത്തിൽ വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ നടപടികളൊന്നും നിലവിൽ സ്വീകരിച്ചിട്ടില്ല. കുറ്റക്കാരായ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ ബദൽ പഠന സൗകര്യമൊരുക്കണമെന്നാണ് പല രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഭയപ്പാടിലായ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകാനും കുട്ടികളിലെ അക്രമവാസന തടയാനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഹയർ സെക്കൻഡറി വകുപ്പ് നേതൃത്വം നൽകും.
തോക്ക് പരിശോധിക്കും
കുറ്റകൃത്യത്തിലേർപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത എയർഗൺ വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. പെല്ലറ്റ് പുറത്തേക്ക് വരാത്തനിലയിൽ ഉപയോഗശൂന്യമായ എയർഗണ്ണാണെന്ന് കണ്ടെത്തിയെങ്കിലും അടുത്തകാലത്തായി അതിൽ നിന്ന് വെടിപൊട്ടിയിട്ടുണ്ടോയെന്നറിയാനാണ് പരിശോധന. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പൊലീസ് ജുവനൈൽ കോടതിക്ക് കൈമാറി. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.