ഹരിപ്പാട് : ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരിയോടനുബന്ധിച്ച് കാർത്തികപ്പള്ളി സബ്ട്രഷറി ഭണ്ഡാരത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി. തുടർന്ന് നെൽകറ്റകൾ കൊണ്ടുവന്നു. നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ, കൗൺസിലർമാരായ ശ്രീവിവേക്, വൃന്ദ.എസ്.കുമാർ, നിർമ്മലകുമാരി, ലത കണ്ണഞാനം, ഈപ്പൻ ജോൺ, വിനോദിനി, മഞ്ജുഷാജി, സബ്ട്രഷറി ഓഫീസർ ബി.ബിന്ദു, തഹസീൽദാർ അജിത്ത് ജോയ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. റവന്യൂ ടവറിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആഘോഷ സമിതി അംഗങ്ങളും ചേർന്ന് ട്രഷറിയിൽ എത്തിച്ചു. ഈ കറ്റകളും ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന കതിരും ചേർത്താണ് ട്രഷറി ഭണ്ഡാര പൂജകൾക്ക് ശേഷം എത്തിച്ചേർന്നവർക്ക് നൽകുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ കുറച്ച് ഭണ്ഡാര അങ്കണത്തിൽ ആചരണ പരിപാടികൾ മാത്രമായാണ് നടത്തുന്നത്. മികച്ച കർഷകരെ ആദരിക്കും. ചടങ്ങിൽ സി- ഡിറ്റ് മുൻ ഡയറക്ടർ അച്ചുത് ശങ്കർ, ഗാനരചയിതാവ് എഴുമാവിൽ രവീന്ദ്രനാഥ്, ട്രഷറി ഡയറക്ടർ വി. സാജൻ എന്നിവർ പങ്കെടുക്കും. 12 ന് രാവിലെ 5.30 നും 6 നും മദ്ധ്യേ ക്ഷേത്രത്തിലും തുടർന്ന് രാവിലെ 7. 30 ന് ട്രഷറി ഭണ്ഡാരത്തിലും ചടങ്ങുകൾ നടത്തും. ആഘോഷസമിതി ചെയർമാൻ കെ.കെ സുരേന്ദ്രനാഥ്,സെക്രട്ടറി ജെ.മഹാദേവൻ, എ.പ്രകാശ്, പി.എസ്. സുരേഷ്സുരേഷ്, രാജൻ ജോൺ,എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.